നിർമാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ കരാറുകാർക്കും എൻജിനീയർക്കുമെതിരേ കേസെടുക്കുവാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കി. ഉത്തരവ് പ്രകാരം, നിർമാണം പൂർത്തീകരിച്ച് ആറ് മാസത്തിനകം റോഡ് തകരുകയോ, റോഡിൽ കുഴികൾ രൂപപ്പെടുകയോ ചെയ്താൽ കരാറുകാർക്കെതിരേയും എൻജിനീയർക്കെതിരേയും വിജിലൻസ് കേസെടുക്കാനാണ് നിർദേശം.
സംസ്ഥാനത്ത് റോഡുകൾ തകരുകയും അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകൾ തകർന്നാൽ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണെന്നാണ് കോടതി നിർദേശിച്ചത്. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. അതാത് കോടതികളിൽ വിജിലൻസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യും. ഒരു വർഷത്തിനുള്ളിലാണ് റോഡുകൾ തകരുന്നതെങ്കിൽ, അവർക്കെതിരേ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
പ്രകൃതി ദുരന്തങ്ങൾ കാരണമാണു റോഡുകൾ തകർന്നതെന്നു കലക്ടർ റിപ്പോർട്ടു നൽകിയാൽ കേസെടുക്കില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസുകളിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ഫണ്ടല്ല, അത് ഉപയോഗിക്കുന്ന രീതിയാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി.