Monday, November 25, 2024

ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഏപ്രില്‍ 18 -നാണ് മതബോധന പണ്ഡിതനായ എഡ്വാര്‍ഡ് യൂഗ്ബെരെയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം സിഗ്‌നിക്കു സമീപം കണ്ടെത്തി.

മറ്റു പ്രാദേശിക സ്രോതസ്സുകള്‍പ്രകാരം, ബുര്‍ക്കിന ഫാസോയിലെ ഫാഡ ഗൗര്‍മയിലെ സാറ്റെംഗ ഇടവകയിലെ അംഗമായിരുന്ന യുഗ്ബെരെയെയ്‌ക്കൊപ്പം കൂടുതല്‍ ആളുകളെ തട്ടിക്കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തല്‍. ”യഗ്ബാരെയുടെ നഷ്ടത്തില്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. അദ്ദേഹം തന്റെ സമൂഹത്തെ വിശ്വസ്തതയോടെ സേവിച്ചു. അദ്ദേഹത്തിന്റെ മരണം സാറ്റെംഗയിലെ ജനങ്ങള്‍ക്ക് വലിയ ആഘാതമാണ്’ – എ.സി.എന്‍. ഇന്റര്‍നാഷണലിന്റെ പ്രസ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സ്‌പെയിന്‍കാരിയായ മരിയ ലൊസാനോ അപലപിച്ചു.

രണ്ടു മാസം മുമ്പ്, ഡോറി രൂപതയില്‍ ഒരു ചാപ്പലില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നതിനിടെ മറ്റൊരു കാറ്റക്കിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുര്‍ക്കിന ഫാസോയില്‍ അപകടകരമായ സുരക്ഷാസാഹചര്യമാണ് നിലവിലുള്ളത്. തീവ്രവാദ ഗ്രൂപ്പുകള്‍ പ്രത്യേകിച്ചും ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതിനാല്‍ ബുര്‍ക്കിന ഫാസോയിലെ സുരക്ഷാസ്ഥിതി ഗുരുതരമായി മാറിയിരിക്കുകയാണ്.

 

Latest News