കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു കര്‍ഷക പ്രതിഷേധ വേദിയില്‍ പ്രസംഗിച്ച ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമര്‍ശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍? ‘കേരളത്തിലെ കര്‍ഷക സമൂഹത്തിന്, പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍ക്ക് (റബര്‍ കര്‍ഷകര്‍ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹത്തിനിടയില്‍നിന്നായിരുന്നു പിതാവിന്റെ സംസാരം) ഒരു പുനര്‍ജീവനത്തിന് വഴിയൊരുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണം, കേന്ദ്ര സര്‍ക്കാര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം, അത്തരത്തില്‍ കര്‍ഷകരെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതായാലും – ബിജെപി ആയാലും – കര്‍ഷകര്‍ പിന്തുണയ്ക്കുക തന്നെ ചെയ്യും.’
നീണ്ട പ്രഭാഷണത്തിനിടയിലെ ഒന്നോരണ്ടോ വാചകങ്ങളാണ് ചില തല്‍പരകക്ഷികള്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ നടക്കുന്ന യഥാര്‍ത്ഥ അതിജീവന സമരങ്ങളെയും ന്യായമായ അവരുടെ ആവശ്യങ്ങളെയും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒന്നുപോലെ തമസ്‌കരിക്കുകയാണ് എന്ന നിശിത വിമര്‍ശനമാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് വേദിയില്‍ ഉയര്‍ത്തിയത്.
എന്നാല്‍, കത്തോലിക്കാ സഭ ബിജെപിയുമായി കക്ഷി ചേരാന്‍ ഒരുങ്ങുന്നതിന്റെ തെളിവാണ് പിതാവിന്റെ വാക്കുകള്‍ എന്ന് തല്‍പരകക്ഷികള്‍ ആരോപിക്കുകയും ആരോപണങ്ങളെ വിവാദമാക്കി വളര്‍ത്തുകയും ചെയ്തു. പുണ്യസ്മരണാര്‍ഹനായ സ്റ്റാന്‍സ്വാമി അച്ചന്റെ മരണവും, വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളും ചൂണ്ടികാണിച്ച്, സമുദായത്തെ ഒറ്റികൊടുക്കുന്നവരായി കേരള ക്രൈസ്തവ നേതാക്കളെ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും അനുബന്ധ സംഘടനകളും.
കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാര്‍ത്ഥത്തില്‍ ആരാണ്?
1) ജനദ്രോഹികള്‍
ബഫര്‍സോണ്‍ സംബന്ധിച്ച ഭീഷണികള്‍, വന്യമൃഗ ശല്യം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, വിവിധ കാരണങ്ങളാലുള്ള വിളനാശം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ സാധാരണക്കാരായ കര്‍ഷക സമൂഹവും, തീരദേശ സംബന്ധമായ വിവിധ പ്രശ്‌നങ്ങളാല്‍ തീരദേശവാസികളും മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ അതിജീവന പ്രതിസന്ധികളെ നേരിടുന്നു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ മനുഷ്യരും കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന, യുവജനങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, അത്തരം ഗൗരവതരമായ വിഷയങ്ങള്‍ പരിഗണനയിലെടുക്കാന്‍ സര്‍ക്കാരോ, ക്രിയാത്മകമായി ഇടപെടാന്‍ പ്രതിപക്ഷമോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.
സാധാരണക്കാരായ കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍, തീരദേശ – മലയോരമേഖലാ നിവാസികള്‍ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളില്‍നിന്ന് പൂര്‍ണ്ണമായും മുഖംതിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ മാധ്യമങ്ങളും, ചിന്താശേഷിയുള്ളവര്‍ എന്ന് സ്വയം കരുതുന്നവരും വിവേകരഹിതമായി പിന്തുണയ്ക്കുകയാണ്.
കെ – റെയിലിനും, തുറമുഖ പദ്ധതികള്‍ക്കും മുമ്പ് ഇവിടെ ഉറപ്പുവരുത്തപ്പെടേണ്ടത് സാധാരണക്കാരന്റെ സുരക്ഷിതത്വമാണ്. അതാണ് ഒരു സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തവും. എന്നാല്‍, ഈ കടമ നിര്‍വഹിക്കുന്നതില്‍ കേരളസര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം കത്തിച്ച് നാട്ടുകാരെ വിഷപ്പുക ശ്വസിപ്പിക്കുകയും അതിന്റെ പേരില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനത്തെകുറിച്ചോ സംസ്‌കരണത്തെ കുറിച്ചോ ഇതുവരെയും ഗൗരവമായ ആലോചന ഭരണ കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് ഇവിടുത്തെ പൗരന്മാരുടെ കാര്യത്തില്‍ സര്‍ക്കാരിനുള്ള നിസംഗതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ജനദ്രോഹപരമായി ആയി മാറിയിരിക്കുന്നു ഇവിടുത്തെ ഭരണ വ്യവസ്ഥിതി. പിഴയും പിരിവും മൂലം പൊതുജനം ക്ലേശമനുഭവിക്കുമ്പോള്‍, വീണ്ടും വീണ്ടും ജനത്തെ പിഴിയാന്‍ പുതു വഴികള്‍ തേടുകയാണ് സര്‍ക്കാര്‍.
ഇത്തരം സാഹചര്യങ്ങളിലാണ് കര്‍ഷകരുടെയും തീരദേശവാസികളുടെയും അതിജീവനപ്രശ്‌നങ്ങളെ ഏറ്റെടുത്തുകൊണ്ട് സഭയിലെ ഇടയന്മാര്‍ മുന്നോട്ടുവന്നിട്ടുള്ളത്. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കിയ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഇത്തരം ഇടപെടലുകള്‍ക്ക് മുന്നിട്ടിറങ്ങിയ മെത്രാന്മാര്‍ക്ക് ഉദാഹരണങ്ങള്‍ മാത്രമാണ്. എക്കാലവും സാധാരണക്കാരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം അവരുടെ ഇടയന്മാര്‍ ഉണ്ടായിരുന്നു എന്ന് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് സാമാന്യ ബോധ്യമുള്ളവര്‍ക്ക് അറിയാം.
2) കേരളത്തിലെ ക്രൈസ്തവ പീഡകര്‍
പതിറ്റാണ്ടുകളായി കേരളത്തില്‍ ക്രൈസ്തവസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കടുത്ത തിരസ്‌കരണവും അവഹേളനങ്ങളുമാണ്. എല്ലാ മേഖലകളിലും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഭരണകാലത്തും ഇടത് സംഘടനകള്‍ വഴിയായും ക്രൈസ്തവ സമൂഹങ്ങളും കത്തോലിക്കാ സഭയും നേരിടുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും വളരെ വലുതാണ്. ഏറ്റവും ഒടുവില്‍, കക്കുകളി എന്നപേരില്‍ രാഷ്ട്രീയപ്രേരിതമായി ഒരു നാടകം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വേദികളുണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് ഇടതുപക്ഷ സംഘടനകളുടെ ഒത്താശയോടെയും സ്‌പോണ്‍സര്‍ഷിപ്പോടെയുമാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ക്രൈസ്തവ സന്യാസത്തെ അത്യന്തം അവഹേളനപരമായി ചിത്രീകരിക്കാന്‍ നിര്‍മ്മിച്ച നാടകമാണ് കക്കുകളി. 1986 ല്‍ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവി’ല്‍ തുടങ്ങിയ നാടകങ്ങളിലൂടെയുള്ള അധിക്ഷേപം ഇന്നും തുടരുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ ഉടമസ്ഥതയിലുള്ളതും, കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തോട് കൂടിയതുമായ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായി ദുഷ്പ്രചാരണങ്ങള്‍ നടത്തിവരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പോഷകസംഘടനകളും ഉയര്‍ത്തിപ്പിടിക്കുന്ന നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ ആരംഭകാലം മുതല്‍ പുലര്‍ത്തിവന്നിരുന്ന നിലപാട് ക്രൈസ്തവവിരുദ്ധതയാണ്. ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പേരില്‍ ഒരു അധ്യായം കൂട്ടിച്ചേര്‍ത്ത നടപടി ഈ മതേതര സമൂഹത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സ്വീകരിച്ചിട്ടുള്ളതാണ്. സഭയുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ തുടരുന്ന സാമൂഹിക സേവന, ആതുര ശുശ്രൂഷാ, വിദ്യാഭ്യാസ രംഗങ്ങളിലെ അതുല്യമായ ഇടപെടലുകളില്‍നിന്നെല്ലാം മുഖം തിരിക്കുകയും നടത്തിപ്പ് ദുഷ്‌കരമാക്കി മാറ്റുകയും ചെയ്യുന്ന നിലപാടുകളും പതിവായി ഇടതുപക്ഷ മന്ത്രിസഭകള്‍ സ്വീകരിച്ചുവരുന്നു.
കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും മറ്റും അഗതിമന്ദിരങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് വൃദ്ധരും രോഗികളും ആയവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിഷേധിച്ചതും, അത്തരം സ്ഥാപനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ധനസഹായവും, റേഷന്‍ വിഹിതവും പലപ്പോഴും നിഷേധിക്കുന്നതും തുടങ്ങി അത്യന്തം നിഷേധാത്മകമായ സമീപനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സമീപകാലങ്ങളില്‍ പുലര്‍ത്തിവരുന്നത്. ഏറ്റവും ഒടുവില്‍ 2023 ഫെബ്രുവരിയില്‍, പുരോഹിതര്‍, സന്യസ്തര്‍, സഭാസ്ഥാപനങ്ങളിലെ അന്തേവാസികള്‍ തുടങ്ങിയവര്‍ക്ക് യാതൊരു കാരണവശാലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കരുത് എന്ന ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവും കേരളസര്‍ക്കാര്‍ പുറപ്പെടുവിക്കുകയുണ്ടായി. മറ്റൊരു മതവിഭാഗങ്ങളോടുമില്ലാത്ത വിവേചനവും ശത്രുതാ മനോഭാവവുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തോടും, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ജീവിക്കുന്ന മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളോടും പുലര്‍ത്തിവരുന്നത്.
കേരളത്തിലെ പ്രതിസന്ധികള്‍ ചെറുതോ?
രാഷ്ട്രീയമായും സാമൂഹികമായും സമുദായികമായും കേരളത്തിലെ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികള്‍ക്ക് കാരണം ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ നിഷേധാത്മക സമീപനങ്ങള്‍ മാത്രമല്ല. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്ര മതസംഘടനകളുടെ സ്വാധീനവും, വിവിധ സാമൂഹിക – ഭരണ തലങ്ങളില്‍ നടന്നുവരുന്ന അവിഹിതമായ ഇടപെടലുകളും വളരെ പ്രധാനപ്പെട്ടതാണ്. വിവിധ രീതികളിലുള്ള അധിനിവേശങ്ങളും അതിക്രമങ്ങളും സാമുദായികമായി ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന സംഘടിതമായ ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഇത്തരം തീവ്ര വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പങ്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതിനായി ഉപയോഗപ്പെടുത്തപ്പെടുന്നു. നിരവധി പ്രസിദ്ധീകരണങ്ങള്‍ ക്രൈസ്തവ വിരുദ്ധമായ ഉള്ളടക്കങ്ങളോടെ ഇവിടെ വിറ്റഴിയുന്നു. അത്തരം ആശയപ്രചാരണങ്ങളുടെ ഭാഗമായി സിനിമകളും, നാടകങ്ങളും നിര്‍മ്മിക്കപ്പെടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്ന് വ്യക്തതയുണ്ടായിട്ടും ഭരണ പക്ഷ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിക്കുന്നു.
ഇത്തരത്തില്‍ എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു സമൂഹമധ്യത്തില്‍ നിന്നുകൊണ്ട് യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ അത് മെത്രാനായാലും, സാധാരണക്കാരനായാലും രാഷ്ട്രീയമായി ആക്രമിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചകള്‍ ചിന്താശേഷിയുള്ളവരെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീര്‍ച്ച. വിവിധ രീതികളില്‍ നടന്നുവരുന്ന സംഘടിതമായ വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതെ വാസ്തവങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തിന്റെ യഥാര്‍ത്ഥ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരികയാണ് കാലഘട്ടത്തിന്റെ ആവശ്യം.
the vigilant Catholic