Wednesday, November 27, 2024

കത്തോലിക്കാ വിവാഹം: നിലപാടുകള്‍ വ്യക്തമാക്കി വത്തിക്കാന്‍

വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത ‘വിവാഹം’ എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിലുള്ളതില്‍നിന്നു മാറ്റംവരുത്തി മറ്റൊരര്‍ഥം കല്പിക്കാന്‍ സഭയ്ക്കാവില്ല എന്നുതന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും, സ്‌നേഹത്തിന്റെ പൂര്‍ണ്ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage-which is the ‘exclusive, stable, and indissoluble union between a man and a woman, naturally open to the generation of children’) എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രബോധനരേഖയുടെ ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ.

സഭയുടെ പാരമ്പര്യവും പ്രബോധനങ്ങളുംപ്രകാരം, കത്തോലിക്കാ സഭയില്‍ ആശീര്‍വദിക്കപ്പെടുന്ന ഒരു വിവാഹം നൈസര്‍ഗീകവും യഥോചിതവും പൂര്‍ണ്ണമായി മാനുഷികാര്‍ഥം ഉള്‍ക്കൊള്ളുന്നതുമായ ലൈംഗികത ഉറപ്പുവരുത്തുന്ന വിവാഹമായിരിക്കണം (only in this context that sexual relations find their natural, proper, and fully human meaning). ആ അര്‍ഥത്തില്‍ സ്വാഭാവിക വിവാഹബന്ധങ്ങള്‍ എന്നവിധത്തില്‍ സ്വവര്‍ഗവിവാഹം ആശീര്‍വദിക്കാനുള്ള അധികാരം സഭയ്ക്കില്ല (Church does not have the power to impart blessings on unions of persons of the same sex) എന്നും വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നു.

വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഔദ്യോഗികരേഖയെ ആത്മാര്‍ഥമായി സമീപിക്കുന്ന ആര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാനിടയില്ല എങ്കിലും, അത് ചില തെറ്റിധാരണകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യമായും ചില തല്പരകക്ഷികളുടെ മുന്‍വിധിയോടുകൂടിയ വ്യാജപ്രചാരണങ്ങളാണ് അതിന് അടിസ്ഥാനകാരണമെന്ന് തിരിച്ചറിയാവുന്നതാണ്.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ ചില വാക്കുകള്‍ വളച്ചൊടിച്ച് തെറ്റായ ലക്ഷ്യങ്ങളോടെ അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനും പാപ്പയെയും കത്തോലിക്കാ സഭയെയും അപകീര്‍ത്തിപ്പെടുത്താനും എക്കാലവും മുന്‍നിരയില്‍ നിന്നിട്ടുള്ള ചില ഗ്രൂപ്പുകളുടെയും സെക്ടുകളുടെയും അനിയന്ത്രിത ലൈംഗിക അവകാശവാദികളുടെയും സാന്നിധ്യം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രകടമാണ്. തെറ്റിധാരണാജനകമായ പ്രചരണങ്ങളുടെയും ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തില്‍ വിശ്വാസ തിരുസംഘം 2024 ജനുവരി 4-ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു.

തെറ്റിധാരണാജനകമായ പ്രചരണങ്ങളുടെയും ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തില്‍ പ്രബോധനരേഖയിലെ ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ട് വിശ്വാസ തിരുസംഘം 2024 ജനുവരി 4-ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. പൂര്‍ണ്ണമായും ശാന്തമായും ഈ ഡോക്യുമെന്റ് മനസ്സിരുത്തിവായിക്കുന്നപക്ഷം അതിന്റെ അര്‍ഥവും ഉദ്ദേശ്യശുദ്ധിയും വ്യക്തമാകുമെന്ന് പത്രക്കുറിപ്പിന്റെ ആമുഖത്തില്‍ പറയുന്നു.

പ്രഖ്യാപനത്തിന്റെ പശ്ചാത്തലം

കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തേക്കാളുപരി, ചില രാജ്യങ്ങളില്‍ സ്വവര്‍ഗലൈംഗിക പങ്കാളിത്തവും ക്രമവിരുദ്ധ വിവാഹബന്ധങ്ങളും നിയമവിധേയമാക്കിയിട്ടുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പലപ്പോഴായി ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളും, രൂപപ്പെട്ടിട്ടുള്ള വിവാദങ്ങളുമാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രഖ്യാപനത്തിനുപിന്നില്‍ പ്രധാനമായുമുള്ളത്.

‘സഭ സ്വവര്‍ഗവിവാഹത്തെ ആശീര്‍വദിക്കാന്‍ തീരുമാനമെടുക്കുന്നു’ എന്നവിധത്തിലുള്ള വ്യാജപ്രചരണങ്ങള്‍ പലപ്പോഴായി അനേകരില്‍ തെറ്റിധാരണയുയര്‍ത്തിയിട്ടുള്ള പശ്ചാത്തലത്തില്‍, ഈ പ്രബോധനരേഖ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാഷ്ട്രനിയമങ്ങളില്‍ മാറ്റങ്ങളുണ്ടായാലും വിവാഹത്തെ സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളിലും നിലപാടുകളിലും മാറ്റങ്ങളുണ്ടായിട്ടില്ല എന്നുതന്നെയാണ് വിശ്വാസ തിരുസംഘം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ പ്രത്യേകം ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന ആശയം സകല മനുഷ്യര്‍ക്കും (ക്രൈസ്തവര്‍ക്കു മാത്രമല്ല) അനുഗ്രഹവും രക്ഷയുമായ ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ‘നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു’ (റോമാ 5: 8 ), എന്ന വചനത്തെ മുന്‍നിര്‍ത്തി, പാപാവസ്ഥയെ കരുണയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സാന്ദര്‍ഭികമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടും ഈ ഔദ്യോഗികരേഖയുടെ പശ്ചാത്തലമായി വിശ്വാസ തിരുസംഘം എടുത്തുപറയുന്നു.

പലപ്പോഴായി വിശ്വാസ തിരുസംഘം നല്‍കിവരുന്ന പ്രതികരണങ്ങളുടെ തുടര്‍ച്ചയായി, സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ഔപചാരികവും അനൗപചാരികവുമായ നിരവധി ചോദ്യങ്ങളെ, മഹത്തരവും സമാശ്വാസം പകരുന്നതുമായ നിത്യസത്യത്തിന്റെ വെളിച്ചത്തില്‍ വിശാലമായ വീക്ഷണങ്ങളോടെ ഉള്‍ക്കൊണ്ടുകൊണ്ട് സമീപിക്കുകയാണ് വിശ്വാസ തിരുസംഘം ചെയ്തിട്ടുള്ളത് എന്നുള്ളത് ആമുഖസന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഒന്നുകൂടി വ്യക്തമാക്കിയാല്‍, സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങളെ ഒരിക്കല്‍ക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം, ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളെയും ആശയക്കുഴപ്പങ്ങളെയും തെറ്റിധാരണകളെയും തുടച്ചുനീക്കുന്നതിനുള്ള കാല്‍വയ്പ്പാണ് വിശ്വാസ തിരുസംഘം സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ശരിയായ രീതിയില്‍ വിശദീകരിക്കപ്പെടുന്നതിനേക്കാളേറെ, പദങ്ങളെയും ആശയങ്ങളയും പ്രതിയുള്ള ദുര്‍വ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെടാനിടയായ സാഹചര്യമാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായത്.

ആശീര്‍വാദങ്ങളുടെ അര്‍ഥതലങ്ങള്‍

ആശീര്‍വാദങ്ങളുടെ അജപാലനപരമായ അര്‍ഥത്തെക്കുറിച്ച് (On the Pastoral Meaning of Blessings) ആണ് വിശ്വാസ തിരുസംഘത്തിന്റെ പ്രഖ്യാപനരേഖ എഴുതപ്പെട്ടിരിക്കുന്നത്. അജപാലകരുടെ കൈവയ്പ്പിനെക്കുറിച്ചും ആശീര്‍വാദങ്ങളെക്കുറിച്ചും സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധവും തെറ്റിധാരണാജനകവുമായ വ്യാഖ്യാനങ്ങളും അനുബന്ധ പ്രചാരണങ്ങളും വളരെയധികം വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേക പശ്ചാത്തലം ഈ പ്രബോധനരേഖയ്ക്കുണ്ട് എന്നുള്ളത് വ്യക്തമാണ്. കൂടുതല്‍ തെറ്റിധാരണകള്‍ക്ക് ഇടയുണ്ടാകാത്തവിധം, ‘വിവാഹമെന്ന കൂദാശയിലെ ആശീര്‍വാദം’ ആദ്യഭാഗത്ത് വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അതനുസരിച്ച്, മുമ്പ് വ്യക്തമാക്കിയതുപോലെ കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങള്‍ (Church’s perennial teaching) പ്രകാരം വിവാഹബന്ധത്തിന് മറ്റൊരു അര്‍ഥമില്ല, അത് ഉണ്ടാവുകയുമില്ല.

ആദ്യമേ തന്നെ വിവാഹവുമായി ബന്ധപ്പെട്ട സഭയുടെ പ്രബോധനങ്ങള്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധത്തില്‍ വ്യക്തമാക്കിയതിനുശേഷമാണ് ഈ പ്രബോധനരേഖയില്‍, ‘വിവിധ ആശീര്‍വാദങ്ങളുടെ അര്‍ഥം’ എന്ന സുപ്രധാനവും ദീര്‍ഘവുമായ ഭാഗം അവതരിപ്പിക്കുന്നത്. ആശീര്‍വാദങ്ങളുടെ വിശാലമായ വീക്ഷണത്തിലേക്കാണ് സഭ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സകല ജനങ്ങള്‍ക്കും അവകാശമായ ക്രിസ്തു എന്ന ദൈവികസമ്മാനത്തെക്കുറിച്ചും, വേര്‍തിരിവുകളില്ലാതെ നല്‍കപ്പെടുന്ന ക്രിസ്തുവില്‍നിന്നുള്ള അനുഗ്രഹത്തെക്കുറിച്ചുമാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രബോധനരേഖ വിശദീകരിക്കുന്നത്.

ആരാധനാക്രമപരമായി ആശീര്‍വാദങ്ങളെ സമീപിക്കുമ്പോള്‍ അത് നിര്‍ബന്ധമായും ദൈവേച്ഛയ്ക്ക് വിധേയപ്പെട്ടുള്ളതും സഭാപ്രബോധനങ്ങള്‍ക്ക് അനുസൃതവും ആയിരിക്കേണ്ടതുണ്ടെങ്കിലും, ആശീര്‍വാദങ്ങള്‍ക്ക് മറ്റൊരു തലംകൂടിയുണ്ട്. അടിസ്ഥാനപരമായി മനുഷന്റെ സഹനങ്ങള്‍ക്കും അധ്വാനത്തിനും നേട്ടങ്ങള്‍ക്കുംമേല്‍ ദൈവകൃപ യാചിക്കുന്നതിനും അനുഗ്രഹത്തിനായി അപേക്ഷിക്കുന്നതിന്റെ ഭാഗമായും തിന്മയുടെ ശക്തിയെ നിയന്ത്രിക്കുന്നതിനുംവേണ്ടിയാണ് വിശ്വാസികള്‍ ആശീര്‍വാദം സ്വീകരിക്കുന്നത്.

ഒപ്പം ദൈവത്തോടുള്ള നന്ദിപ്രകടനം കൂടിയാണത്. ഇക്കാരണങ്ങളാല്‍ ആശീര്‍വാദം അഭ്യര്‍ഥിക്കുന്നവരുടെ സ്വാഭാവികപ്രകൃതിയെ വിശ്വാസംവഴി ശക്തിപ്പെടുത്താനായി സഭ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നുണ്ട്. എല്ലായ്പ്പോഴും എവിടെയും പരിശുദ്ധാത്മാവില്‍ ക്രിസ്തുവഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരം സംലഭ്യമാകേണ്ടതുണ്ട് എന്നതാണ് സഭയുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാല്‍, വസ്തുക്കളും സ്ഥലങ്ങളും സാഹചര്യങ്ങളും നിയമത്തിനും സുവിശേഷത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാകാതിരിക്കാനുള്ള ശ്രദ്ധ (Pastoral Prudence) ആവശ്യമാണെന്നും രേഖ ഓര്‍മ്മിപ്പിക്കുന്നു.

ക്രമവിരുദ്ധ അവസ്ഥകളിലുള്ള പങ്കാളികളെ ആശീര്‍വദിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതുള്ളതിനാല്‍, ഇത്തരം ജീവിതാവസ്ഥകളിലുള്ളവര്‍ക്ക് ആശീര്‍വാദം നല്‍കുന്നതിനായി ഒരു പൊതുരൂപരേഖയോ, രീതിയോ രൂപപ്പെടുത്താന്‍ പാടില്ല എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നുണ്ട്. വിവാഹം ഉള്‍പ്പെടെ ഒട്ടേറെ ആശീര്‍വാദങ്ങള്‍ക്കായി നിയതമായ രീതികളും അതിനാവശ്യമായ പ്രാര്‍ഥനാപുസ്തകങ്ങളും ഉണ്ടായിരിക്കെ, അപ്രകാരമൊന്ന് ഇക്കാര്യത്തില്‍ പാടില്ല എന്ന നിര്‍ദേശമാണ് വത്തിക്കാന്‍ നല്‍കുന്നത്.

മാത്രമല്ല, സാധാരണ ആശീര്‍വാദങ്ങളില്‍നിന്ന് വ്യത്യസ്തമായി, ദൈവകരുണയും ദൈവത്തിന്റെ സഹായവും യാചിക്കുന്നവരെന്ന് സ്വയം വിലയിരുത്തുന്നവരായി ങ്ങള്‍ക്കുമുന്നിലുള്ളവരെ പരിഗണിച്ചുകൊണ്ടുകൂടിവേണം വൈദികന്‍ അവരെ ആശീര്‍വദിക്കേണ്ടത് എന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു. ഇത്തരമൊരു നിര്‍ദേശം കൃത്യമായി നല്കിയിരിക്കുന്നതിനാല്‍തന്നെ, പങ്കാളികള്‍ എന്ന നിലയിലോ, പങ്കാളിത്തത്തെ പരിഗണിച്ചുകൊണ്ടോ ഉള്ള ആശീര്‍വാദമല്ല, വ്യക്തികള്‍ എന്ന നിലയില്‍ അവരുടെ പാപാവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആശീര്‍വാദമാണ് നല്കാവുന്നത് എന്ന് സുവ്യക്തമാണ്.

ഏതെങ്കിലും രാജ്യത്തെ നിയമങ്ങള്‍പ്രകാരം വിവാഹംചെയ്യുന്നവരെങ്കില്‍, അത്തരമുള്ള ഏതെങ്കിലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് എന്ന് തെറ്റിധരിക്കുന്ന വിധത്തിലോ (വേഷവിധാനങ്ങള്‍ കൊണ്ടോ, രൂപഭാവങ്ങള്‍ കൊണ്ടോ, വാക്കുകൊണ്ടുപോലുമോ) ആശീര്‍വാദങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന് ക്രമവിരുദ്ധ അവസ്ഥകളിലും, സ്വവര്‍ഗപങ്കാളികള്‍ എന്ന നിലയിലുമുള്ളവര്‍ക്ക് ആശീര്‍വാദം നല്‍കുന്നതുമായി ബന്ധപ്പെട്ട് രേഖ വ്യക്തമാക്കുന്നു.

മറിച്ച്, മറ്റു സാഹചര്യങ്ങളില്‍ ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ, വൈദികനെ കണ്ടുമുട്ടുമ്പോഴോ, തീര്‍ഥാടനകേന്ദ്രങ്ങളില്‍ എത്തുമ്പോഴോ ആവശ്യപ്പെടുന്നപക്ഷം, തിരുസഭയുടെ മാതൃഹൃദയത്തിന്റെ വെളിപ്പെടുത്തല്‍ എന്നവിധത്തില്‍ കരുണയോടെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗമായി മാത്രമാണ് അത്തരം വ്യക്തികള്‍ക്ക് ആശീര്‍വാദം നല്‍കാവുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, വ്യാപകമാകുന്ന തെറ്റിധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുംമധ്യേ കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുകയാണ് വിശ്വാസ തിരുസംഘം. ദൈവത്തിന്റെ കരുണയും അനന്തസ്‌നേഹവും, ക്രിസ്തുവിന്റെ അനുഗ്രഹവും സകല മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ മുന്‍വിധികളോടെ ചിലരെ മാറ്റിനിര്‍ത്തേണ്ടതില്ല എന്നതാണ് സഭയുടെ കഴ്ചപ്പാട്.

അതിനാല്‍, കരുണയും സഹായവും യാചിച്ച് ദൈവതിരുമുമ്പില്‍ എത്തുന്നവരെ സുവിശേഷത്തോടുള്ള വിശ്വസ്തതയിലേക്കും പക്വമായ ബന്ധങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിലേക്കും നയിക്കാനുള്ള കൃപയ്ക്കായി വൈദികര്‍ക്ക് പ്രാര്‍ഥിക്കാവുന്നതാണ് എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിലും സഭയുടെ എക്കാലത്തെയും നിലപാടിനെ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുപ്രഖ്യാപിക്കുകയാണ് ഇവിടെ വിശ്വാസ തിരുസംഘം ചെയ്തിരിക്കുന്നത്.

ദൈവകരുണയ്ക്കുമുന്നില്‍ സ്വയം സമര്‍പ്പിക്കാനും പരിവര്‍ത്തന വിധേയരാകാനുമുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല എന്ന നിലപാട് സഭ ഈ വിഷയത്തില്‍ സ്വീകരിക്കുമ്പോഴും, സ്വവര്‍ഗ – ക്രമവിരുദ്ധ പങ്കാളിത്തങ്ങള്‍ സംബന്ധിച്ച് ചില ലോകരാജ്യങ്ങളുടെ സിവില്‍ നിയമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കിടയിലും, അത്തരമൊരു പങ്കാളിത്തത്തെ വിവാഹം എന്ന അര്‍ഥത്തില്‍ പരിഗണിക്കാനാവില്ലെന്നും സഭയുടെ വിവാഹ ആശീര്‍വാദത്തിന്റെ പരിധിയില്‍ ഇത്തരം പങ്കാളിത്തങ്ങളെ ഉള്‍പ്പെടുത്താനുള്ള അധികാരം സഭയ്ക്കില്ലെന്നും വത്തിക്കാനിലെ വിശ്വാസ തിരുസംഘം വ്യക്തമാക്കിയിരിക്കുകയാണ്.

അനിയന്ത്രിതമായും നിര്‍ബ്ബന്ധിതമായും ഘഏആഠഝകഅ+ സംഘടനകളും കൂട്ടായ്മകളും മുന്നോട്ടുവയ്ക്കുന്ന ലൈംഗിക സങ്കല്പങ്ങളെയും നവ ലൈംഗിക പങ്കാളിത്ത – വിവാഹ കാഴ്ചപ്പാടുകളെയും തള്ളിക്കളയുകയും സഭയുടെ നിലപാടുകളെ ശക്തമായും ആവര്‍ത്തിച്ചും വ്യക്തമാക്കുകയുമാണ് ഈ പ്രഖ്യാപനം. കൂടുതല്‍ ധാര്‍മ്മികചര്‍ച്ചകള്‍ക്കും ദൈവശാസ്ത്ര സംവാദങ്ങള്‍ക്കും ഈ പ്രഖ്യാപനം വേദിയാകുന്നത് സ്വാഗതാര്‍ഹം തന്നെയാണ്.

എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസ തിരുസംഘവും വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പ്രബോധനങ്ങളെ നിരാകരിച്ച്, സ്വവര്‍ഗവിവാഹത്തെ അംഗീകരിച്ചു എന്നവിധത്തിലുള്ള വാദങ്ങള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്. വിശ്വാസികളെ ഭിന്നിപ്പിക്കാനും ധാര്‍മ്മിക – കുടുംബവിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടുകളെ അവഹേളിക്കാനുമുള്ള ഇത്തരം ശ്രമങ്ങളെ നാം ജാഗ്രതയോടെ തിരിച്ചറിയുകതന്നെ വേണം.

ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സി.എം.ഐ, സെക്രട്ടറി,

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

 

Latest News