നൈജീരിയയില്‍ കത്തോലിക്കാ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഒരു സംഘം ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തെക്കന്‍ നഗരമായ എനുഗുവിലേക്കു യാത്ര ചെയ്യുന്നതിനിടയില്‍ ആഗസ്റ്റ് 15-നാണ് വിദ്യാര്‍ഥികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഇതേ തുടര്‍ന്ന് മറ്റു കത്തോലിക്കാ വിദ്യാര്‍ഥികളും ആശങ്കയിലാണ്.
വടക്കന്‍ നൈജീരിയയിലെ ജോസ് യൂണിവേഴ്‌സിറ്റി (UNIJOS), യൂണിവേഴ്‌സിറ്റി ഓഫ് മൈദുഗുരി (UNIMAID) എന്നിവിടങ്ങളില്‍നിന്നുള്ള 20 വിദ്യാര്‍ഥികള്‍ തെക്കന്‍ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ് (FECAMDS) പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ഷിക FECAMDS കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയിരുന്നു അത്. ‘ഈ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കിഴക്കന്‍ നൈജീരിയയില്‍ ഒരു കത്തോലിക്കാ സമ്മേളനത്തില്‍ പങ്കെടുത്ത കത്തോലിക്കരായിരുന്നു എന്ന് ബെന്യൂ സ്റ്റേറ്റിലെ മകുര്‍ദി കത്തോലിക്കാ രൂപതയിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. മോസസ് ലോറാപുവും വെളിപ്പെടുത്തി.
‘ഈ സംഭവം മുതല്‍, ഞങ്ങള്‍ ഇരുട്ടിന്റെ അവസ്ഥയിലേക്കു തള്ളപ്പെട്ടു. അവരുടെ വേഗത്തിലുള്ള മോചനം ഉറപ്പാക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു’ – ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് ഇഗെ ഗബ്രിയേല്‍ അരിയോയും അതിന്റെ ദേശീയ സെക്രട്ടറിയും വെളിപ്പെടുത്തുന്നു.
സ്ഥിതിഗതികള്‍ അപകടത്തിലാക്കുന്നവിധത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടന നിര്‍ദേശം നല്‍കി. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടക്കുന്ന തുടര്‍ച്ചയായ ക്രിസ്ത്യന്‍ പീഡനങ്ങളുടെ തെളിവാണ് ഈ സംഭവം.