കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് കാലങ്ങളായി ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് തിരുവനന്തപുരം അതിരൂപത വൈദീകര്‍.
മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം പോലുമില്ലാതെ, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ കാലങ്ങളായി ഈ പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. സമൂഹത്തിന്റെ സമ്പത്തികസുസ്ഥിതിയുടെ നട്ടെല്ലായ ഇക്കൂട്ടരേ കണ്ടില്ലെന്ന മട്ടാണ് പലപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ വര്‍ഷകാലത്തും കൊല്ലങ്കോട്- പരുത്തിയൂര്‍ മുതല്‍ അഞ്ചുതേങ് -മാമ്പള്ളി വരെ അഞ്ഞൂറിലധികം വീടുകള്‍ കടല്‍ക്ഷോഭത്തില്‍ നശിച്ചു.
അത് കൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചു തീരശോഷണം സംബന്ധിച്ച സമഗ്ര പഠനം നടത്തണമെന്നതാണ് പ്രധാന ആവശ്യം. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൂട്ട് നിന്ന് കടല്‍ തുരക്കുമ്പോള്‍ അതിന്റെ പരിണിത ഫലങ്ങള്‍ പലപ്പോഴും അരികില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ പേറേണ്ടി വരുന്നു. കാലവസ്ഥക്ക് മേല്‍ പഴി ചാരി രക്ഷപെടാന്‍ എല്ലാക്കാലവും സര്‍ക്കാരിനാവില്ല.
ഈ ദുരിതങ്ങള്‍ക്കിടയിലാണ് മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിനായ് ആശ്രയിക്കുന്ന മണ്ണെണ്ണയുടെ വില മുമ്പെങ്ങും കേട്ടിട്ടില്ലാത്തവിധം വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് ജൂലൈ 20ന് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രെട്ടറിയേറ്റ് പടിക്കലേക്ക് വൈദീകരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.