അവയവക്കച്ചവടവും മതപരിവർത്തനവും ആരോപിച്ച് ഹിന്ദു അനുകൂല സംഘടന, ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് സംരക്ഷണം തേടി കത്തോലിക്കാ സ്‌കൂൾ അധികൃതർ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ നിർമ്മൽ ജ്യോതി സീനിയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള 30 അംഗ അധ്യാപകസംഘമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്. അധ്യാപകർ, ഹിന്ദു അനുകൂല ഭാരതീയ ജനതാ പാർട്ടിയുടെ വിദ്യാർത്ഥിവിഭാഗത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സിവിൽ, പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
സ്‌കൂൾ, അവയവ വ്യാപാരവും മതപരിവർത്തനവും നടത്തുന്നുവെന്ന് ആരോപിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫോറം) ഭീഷണിയെ തുടർന്നാണ് സ്‌കൂൾ അധികൃതർ പോലീസ് സംരക്ഷണം തേടിയത്. “ഞങ്ങൾ പോലീസ് സംരക്ഷണം തേടി. ആരോപിക്കപ്പെടുന്നതു പോലെ ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യുകയോ, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല” – സ്കൂൾ പ്രിൻസിപ്പൽ സി. ഗ്രേസ് തറയിൽ ഏപ്രിൽ 19-ന് യുസിഎ ന്യൂസിനോടു പറഞ്ഞു.
ഏപ്രിൽ ആറിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അപ്രതീക്ഷിത റെയ്ഡ് നടത്തി സയൻസ് ലബോറട്ടറിയിൽ നിന്ന് മനുഷ്യഭ്രൂണം പിടിച്ചെടുത്തതിനു ശേഷമാണ് അവയവക്കച്ചവടം സംബന്ധിച്ച ആരോപണങ്ങൾ ആരംഭിച്ചതെന്ന് പ്രിൻസിപ്പൽ വെളിപ്പെടുത്തുന്നു. സ്‌കൂൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. അത് വേദനാജനകമാണ്. കണ്ടെടുത്ത ഭ്രൂണത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ടെന്നും ആദ്യകാലങ്ങളിൽ പഠനാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതാണ് അതെന്നും സിസ്റ്റർ വ്യക്തമാക്കി.
കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമ്മലിന്റെ സഹോദരിമാർ 1987-ൽ ആരംഭിച്ച ഈ സ്കൂളിൽ ഏകദേശം 2,100 വിദ്യാർത്ഥികളുണ്ട്. ഏപ്രിൽ 17-ന് സ്‌കൂൾ വളപ്പിലേക്ക് ബലം പ്രയോഗിച്ച് എബിവിപി പ്രവർത്തകർ കയറുകയും ആക്രമിക്കുകയും ചെയ്തത് പോലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി. മാനേജ്‌മെന്റ് അവയവക്കച്ചവടത്തിലും മതപരിവർത്തനത്തിലും ഏർപ്പെടുന്നുവെന്ന് ആരോപിക്കുകയും സ്‌കൂൾ അടച്ചില്ലെങ്കിൽ ഒരാഴ്ചക്കു ശേഷം വീണ്ടും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ഹിന്ദു അനുകൂല പ്രവർത്തകർ മടങ്ങിയത്. ഇതേ തുടർന്നാണ് പോലീസ് സംരക്ഷണം തേടാൻ സ്‌കൂൾ അധികൃതരും മാതാപിതാക്കളും തീരുമാനിച്ചത്.