Sunday, November 24, 2024

മാര്‍ച്ച് 22 ന് രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരുക: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ഇന്ന് (2024 മാര്‍ച്ച് 22) നടക്കുന്ന രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാന്‍ ക്രൈസ്തവ വിശ്വാസി സമൂഹത്തോട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി. സി. സെബാസ്റ്റ്യനും അഭ്യര്‍ത്ഥിച്ചു.

ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകള്‍ 174 രൂപതകള്‍, ദേവാലയങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളും രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും.

രാജ്യത്ത് സമാധാനവും ഐക്യവും കാത്തുസൂക്ഷിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണില്‍ നിലനിര്‍ത്തപ്പെടണം. ഭീകരവാദത്തിനും തീവ്രവാദ അജണ്ടകള്‍ക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

പൗരന്മാരുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകാനുള്ള ഉത്തരവാദിത്വം ഭരണസംവിധാനങ്ങള്‍ നിര്‍വഹിക്കണം. മതവിദ്വേഷങ്ങളും വര്‍ഗ്ഗീയവാദവും ആളിക്കത്തിച്ച് ജനങ്ങളില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നതിനും അക്രമങ്ങള്‍ അഴിച്ചുവിട്ട് മനുഷ്യജീവനെടു ക്കുന്നതിനും അവസാനമുണ്ടാകണം. പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള ക്രൈസ്തവന്റെ കരുത്തും ആയുധവും പ്രാര്‍ത്ഥനയും ഉപവാസവുമാണ്. കൂടുതല്‍ ഒരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്ന് മനസ്സിലാക്കി വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളും രാജ്യത്തിന്റെ നന്മയ്ക്കും, സമാധാനത്തിനും, ഐക്യത്തിനുമായി ഈ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേരുമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

 

Latest News