കേന്ദ്ര ഏജന്‍സികള്‍ റെയ്ഡുകള്‍ക്കിടയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ 2020ലെ സിബിഐ മാന്വലിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഏകപക്ഷീയമായി പിടിച്ചെടുക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടി വ്യക്തിസ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കും എതിരാണെന്ന വിമര്‍ശം ശക്തമായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാനദണ്ഡമേതുമില്ലാതെ പിടച്ചെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഫൗണ്ടേഷന് ഓഫ് മീഡിയ പ്രൊഫഷണല്‍സാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ട വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാനും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ്, മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ സിബിഐ മാന്വല്‍ പിന്തുടരുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വ്യക്തമാക്കിയത്. കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും കോടതിയെ അറിയിച്ചു.
2021ല്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച കേസാണിതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇനി എത്ര സാവകാശം വേണമെന്നും കോടതി ചോദിച്ചു. മൂന്നുമാസമെങ്കിലും വേണമെന്നായിരുന്നു മറുപടി. ഈ കാലതാമസം അംഗീകരിക്കാനാകില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു. തുടര്‍ന്നാണ്, തല്ക്കാലം നിലവിലുള്ള ഏതെങ്കിലും മാന്വല്‍ പിന്തുടരാന് കോടതി നിര്‍ദേശിച്ചത്. ഹര്‍ജി ഫെബ്രുവരിയില്‍ പരിഗണിക്കും.