മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യന്‍ പൗരന്മാരെ റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് എത്തിക്കുന്ന മനുഷ്യക്കടത്ത് ശൃംഖലകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് സിബിഐ. റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ശക്തമാക്കിയത്. ഉയര്‍ന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യ-യുക്രൈന്‍ യുദ്ധമുഖത്തേക്ക് എത്തിക്കുന്ന വിവിധ വിസ കണ്‍സള്‍ട്ടന്‍സികള്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഈ ചങ്ങല പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഢ്, മധുര, ചെന്നൈ തുടങ്ങി നഗരങ്ങളിലെ 13 ഇടങ്ങില്‍ സിബിഐ റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ, ചില പ്രധാനപ്പെട്ട രേഖകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക് ടോപ്പുക്കള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വളരെ സംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും പ്രാദേശിക ഏജന്റുമാര്‍ വഴിയും ഇന്ത്യയിലെ യുവാക്കളെ തങ്ങളുടെ കെണിയില്‍പ്പെടുത്തുകയാണ്.
റഷ്യയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ യുവാക്കളെ തങ്ങളുടെ കെണിയില്‍ പെടുത്തുന്നത്. റെയ്ഡിനിടെ സംശയം തോന്നിയ ചിലരെയും തടവിലാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിസ ഏജന്റുമാരെയും കണ്‍സള്‍ട്ടന്റുമാരെയും ചോദ്യം ചെയ്യുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ പൗരന്‍മാരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കയറ്റി അയച്ച 35ലധികം കേസുകള്‍ സിബിഐയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ കെണികളില്‍ എത്ര ഇന്ത്യക്കാര്‍ അകപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.