Monday, November 25, 2024

സത്യ പാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും; പിന്തുണയുമായി കര്‍ഷകര്‍

മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. കേന്ദ്ര ഭരണ പ്രദേശത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടിയുള്ള കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മാലിക്കിനു പിന്തുണയുമായി കര്‍ഷകര്‍ രംഗത്തെത്തിയതായാണ് വിവരം.

ഇത് രണ്ടാം തവണയാണ് മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് വിളിപ്പിക്കുന്നത്.
2018 ഓഗസ്‌റ്റ് 23നും 2019 ഒക്ടോബർ 30-നും ഇടയിൽ ജമ്മു കശ്‌മീർ ഗവർണറായിരിക്കെ രണ്ട് ഫയലുകൾ പാസാക്കുന്നതിനായി 300 കോടി രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്‌തതായി സത്യപാൽ മാലിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുളള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാജസ്ഥാനിലേക്ക് പോകുന്നതിനാല്‍ ഏപ്രില്‍ 23 നു ശേഷം സിബിഐ ക്കു മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. 2022 ഒക്ടോബറില്‍ ഗവര്‍ണറുടെ ചുമതല വിട്ടതിനു ശേഷവും അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം, 2019 ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ മാലിക്ക് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ വീണ്ടും ചോദ്യം ചെയ്യാനായി അദ്ദേഹത്തെ വിളിപ്പിച്ചത്. അതിനിടെ മാലിക്കിനു പിന്തുണ അറിയിച്ച് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ അധികാരങ്ങള്‍ ഇല്ലാത്ത മാലിക്കിനു തങ്ങളുടെ പിന്തുണ ആവശ്യമാണെന്നും കര്‍ഷകര്‍ അറിയിച്ചു.

Latest News