അക്കാദമിക ഘടനയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇനിമുതല്‍ പത്താം ക്ലാസില്‍ മൂന്നു ഭാഷകള്‍ പഠിക്കേണ്ടതായുണ്ട്. നിലവില്‍ രണ്ട് ഭാഷകള്‍ എന്നുള്ളത് മാറ്റിയാണ് ഭാഷകളുടെ എണ്ണം 3 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.
മൂന്നു ഭാഷകള്‍ പഠിക്കുന്നതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണം എന്നും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു. സെക്കന്‍ഡറി തലത്തിലാണ് രണ്ട് ഭാഷകള്‍ എന്നുള്ളത് ഉയര്‍ത്തി മൂന്ന് ഭാഷകളാക്കി മാറ്റിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തലത്തിലും പഠിക്കേണ്ട ഭാഷകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്.
സിബിഎസ്ഇ പാഠ്യപദ്ധതി പ്രകാരം ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിലവില്‍ ഒരു ഭാഷയാണ് പഠിക്കേണ്ടതായി ഉള്ളത്. ഇനിമുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ രണ്ട് ഭാഷകള്‍ പഠിക്കണം. ഇതില്‍ ഒരു ഭാഷ മാതൃഭാഷ ആയിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.