Sunday, November 24, 2024

ഹമാസിനുമേല്‍ ഖത്തറും ഈജിപ്തും സമ്മര്‍ദം ചെലുത്തണം: ബൈഡന്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഈജിപ്ഷ്യന്‍, ഖത്തര്‍ നേതാക്കളോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

റംസാനില്‍ വെടിനിര്‍ത്തലിനായുള്ള ശ്രമങ്ങള്‍ വിജയം കാണാതിരുന്ന പശ്ചാത്തലത്തിലാണിത്. ഈജിപ്ഷ്യന്‍ പ്രസിഡന്റിനും ഖത്തര്‍ അമീറിനും ബൈഡന്‍ കത്തയച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈജിപ്തിനും ഖത്തറിനും പുറമേ യുഎസും മധ്യസ്ഥ ശ്രമങ്ങളില്‍ പങ്കാളിയാണ്. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്‌റോയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

വ്യാഴാഴ്ച ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ ചര്‍ച്ചയിലും വെടിനിര്‍ത്തലിന്റെ ആവശ്യകത ബൈഡന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറു മാസമായി ഹമാസ് ഭീകരരുടെ കസ്റ്റഡിയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ള ബന്ദികള്‍ ഉടന്‍ മോചിതരാകുന്നതിനു നടപടികള്‍ വേണണെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു.

ഈജിപ്തിന്റെ ക്ഷണപ്രകാരം വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച കൈറോയിലേക്ക് പോകുമെന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു.

 

 

 

 

 

 

Latest News