Tuesday, November 26, 2024

വെടിനിർത്തൽ ചർച്ചകൾ പരാജയത്തിലേക്ക്; സുഡാനിൽ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

സുഡാനിന്‍റെ തലസ്ഥാനമായ ഖർത്തുമിലെ മാർക്കറ്റിൽ ബുധനാഴ്ച നടന്ന റോക്കറ്റാക്രമണത്തിൽ ചുരുങ്ങിയത് 19 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേരിലധികം മുറിവേൽക്കുകയും ചെയ്തു. പരസ്പരം പോരാടുന്ന സൈനികശക്തികൾ തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ഏപ്രിൽ പകുതിയോടെ തുടങ്ങിയ യുദ്ധത്തിൽ ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ആളുകൾ കൊലചെയ്യപ്പെടുകയും മുറിവേൽക്കുകയും ചെയ്ത കനത്ത ആക്രമമായിരുന്നു ഖർത്തൂമിലെ മാർക്കറ്റിൽ ബുധനാഴ്ച സംഭവിച്ചത്. നൈൽ നദിക്കപ്പുറം ഖർത്തൂം മുതൽ ബാഹ്റി നഗരത്തിലും ഓംദുർമനിലും കനത്ത അഗ്നിബാധയാണ് ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുഡാനിൽ പരസ്പരം എതിരിടുന്ന സുഡാൻ സർക്കാറിന്റെ സൈനികരും വിമത സായുധ സേനയും തമ്മിൽ അമേരിക്കയുടേയും സൗദി അറേബ്യയുടേയും നേതൃത്വത്തിൽ നടന്ന തൽകാല വെടിനിറുത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ആക്രമണങ്ങൾ രൂക്ഷമായത്.

മാർക്കറ്റിലെ പീരങ്കിയാക്രമണവും ആകാശമാർഗ്ഗേയുള്ള ആക്രമണവും മൂലം മരിച്ച സാധാരണക്കാരുടെ എണ്ണം ഔദ്യോഗികമായി 883 ആയി. എന്നാൽ വാസ്തവത്തിൽ എണ്ണം ഇതിലും വളരെ ഉയർന്നതാണ്. ഖർത്തൂമിലെ നിവാസികളെ സഹായിക്കുന്ന സംഘടനകൾ അവിടത്തെ സ്ഥിതിഗതികൾ വളരെ ദാരുണമാണെന്നും ഡോക്ടർമാരുടെയും രക്തദാനത്തിന്റെയും ആവശ്യകതയും വെളിപ്പെടുത്തുന്നു.

ചൊവ്വാഴ്ച ഇരുകൂട്ടരും അഞ്ചു ദിവസത്തേക്ക് കൂടി വെടിനിർത്തൽ തുടരാൻ സമ്മതിച്ചിരുന്നെങ്കിലും അടുത്ത ദിവസം കരാറിനോടു ആർഎസ്എഫ് പ്രതിബദ്ധത കാട്ടുന്നില്ല എന്നു പറഞ്ഞ് സൈന്യം അതിൽ നിന്ന് പിൻമാറുകയായിരുന്നു. വെടിനിർത്തൽ, രണ്ടു മില്ല്യൺ ജനങ്ങൾക്ക് അത്യാവശ്യ സഹായങ്ങൾ എത്തിക്കാൻ സഹായിച്ചുവെങ്കിലും മറ്റുള്ളവരിലേക്ക് സഹായമെത്തിക്കാൻ കഴിഞ്ഞില്ല.

Latest News