Monday, November 25, 2024

ഗാസ മുനമ്പിലെ, ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും

ഗാസ മുനമ്പിലെ, ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും. കരാര്‍ പ്രകാരം ഇതുവരെ ഇരുവിഭാഗവും ബന്ദികളെയും തടവുകാരെയും മോചിപ്പിച്ചു. കരാര്‍ പ്രകാരം 13 ഇസ്രായേലികളെ ഇന്നലെയും ഹമാസ് റെഡ്‌ക്രോസിന് കൈമാറി. ഇവരെക്കൂടാതെ ഏഴ് വിദേശീയരെയും മോചിപ്പിച്ചു. പകരം 39 പാലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്.

വെടിനിര്‍ത്തല്‍ ആരംഭിച്ച് ആദ്യദിവസം 13 ഇസ്രായേലികളുള്‍പ്പെടെ 24 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. ഇസ്രായേല്‍ 39 പാലസ്തീനികളെയും മോചിപ്പിച്ചു. എന്നാല്‍ രണ്ടാം ദിവസം, ഇസ്രായേല്‍ കരാറിലെ പല വ്യവസ്ഥകളും ലംഘിച്ചുവെന്ന് ആരോപിച്ച് ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിച്ചിരുന്നു.

ഈജിപ്തിന്റെയും ഖത്തറിന്റെയും ഇടപെടലിലൂടെയാണ് രണ്ടാം ദിവസം ബന്ദികളെ മോചിപ്പിച്ചത്. 13 ഇസ്രായേലികളുള്‍പ്പെടെ 17 പേരെയാണ് ഹമാസ് വിട്ടയച്ചത്. ഇന്നലെ അവശ്യവസ്തുക്കളുമായി 200 ട്രക്കുകളാണ് ഗാസ മുനമ്പില്‍ കടന്നത്. ഇതില്‍ വടക്കന്‍ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള ട്രക്കുകളുമുള്‍പ്പെടുന്നു. റഫ അതിര്‍ത്തിയിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്കുകളെല്ലാം ഇസ്രായേലി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. വടക്കന്‍ ഗാസയിലെ, ആള്‍താമസമുള്ള മേഖലകളിലേക്ക് ആംബുലന്‍സുകളെയും കടത്തിവിടുന്നുണ്ട്.

നാല് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇസ്രായേലിന്റെയും ഹമാസിന്റെയും നിലപാട്. പ്രതിദിനം 10 പേര്‍ എന്ന കണക്കില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

 

 

 

 

Latest News