Monday, November 25, 2024

മണ്ണെണ്ണ വിഹിതം 50% വെട്ടിക്കുറച്ച് കേന്ദ്രം

കേരളത്തിനുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആരോപണത്തിനു പിന്നാലെ മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 2022-23 കാലയളവില്‍ അനുവദിച്ചിരുന്ന മണ്ണെണ്ണയില്‍ 50 ശതമാനമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് കേന്ദ്രത്തിന്‍റെ നടപടി.

കഴിഞ്ഞ വര്‍ഷം മഞ്ഞ പിങ്ക് കാര്‍ഡുകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും, നീല, വെളള കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും മൂന്നു മാസത്തിലൊരിക്കല്‍ ലഭിച്ചിരുന്നു. വൈദ്യുതി സൗകര്യം ഇല്ലാത്ത കുടുംബങ്ങള്‍ക്ക് എട്ട് ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 50 ശതമാനം വെട്ടിക്കുറച്ചതോടെ വൈദ്യുതി ലഭ്യമല്ലാത്തവര്‍ക്ക് ആറു ലിറ്ററും മഞ്ഞ പിങ്ക് കാര്‍ഡുകള്‍ക്ക് അര ലിറ്ററും മാത്രമാണ് ഇത്തവണ ലഭിക്കുക. ഇതോടെ, നീല, വെള്ള കാര്‍ഡുകള്‍ക്ക് മണ്ണെണ്ണ ഇനി ലഭിക്കില്ല.

അതേസമയം, കേന്ദ്രത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 25,000 കിലോ ലിറ്റര്‍ മണ്ണെണ്ണ നോണ്‍ സബ്സിഡി ഇനത്തില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയിട്ടുണ്ട്. ഈ മാസം പത്തിനു കേന്ദ്ര പെട്രോളിയം മന്ത്രിയുമായി ഭക്ഷ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Latest News