Tuesday, November 26, 2024

ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

ഖാലിസ്ഥാന്‍ അനുകൂലിയായ ഗുര്‍പട്വന്ത് സിംഗ് പന്നു സ്ഥാപിച്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ന്റെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ചൊവ്വാഴ്ച അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. 2019ലാണ് ഈ ഭീകര സംഘടനയെ ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും പൊതു ക്രമത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്ജെ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

എസ്എഫ്‌ജെയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമാധാനം, ഐക്യം, അഖണ്ഡത എന്നിവ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പഞ്ചാബില്‍ ദേശവിരുദ്ധമായ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ എസ്എഫ്‌ജെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

തീവ്രവാദ സംഘടനകളുമായും ആക്ടിവിസ്റ്റുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന, ഇന്ത്യയുടെ ഭൂപ്രദേശത്ത് നിന്ന് ഒരു പരമാധികാര ഖാലിസ്ഥാന്‍ രാഷ്ട്രം വേര്‍പെടുത്തിയെടുക്കാന്‍ പഞ്ചാബിലും മറ്റിടങ്ങളിലും തീവ്രവാദത്തെയും അക്രമത്തെയും പിന്തുണയ്ക്കുന്ന സംഘടനയാണ് എസ്എഫ്ജെയെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

എസ്എഫ്‌ജെയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍, ഖാലിസ്ഥാന്‍ അനുകൂല സംഘടന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി ഖാലിസ്ഥാന്‍ രാഷ്ട്രത്തെ ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം അഭിപ്രായപ്പെടുന്നു. ഗുര്‍പട്വന്ത് സിംഗ് പന്നൂനെ 2020-ല്‍ കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

 

Latest News