ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ സുപ്രീംകോടതി കൊളീജിയവുമായി തുറന്ന പോരിന് ഒരുങ്ങി കേന്ദ്രം. കൊളീജിയം ശുപാർശ ചെയ്ത 19 പേരുകൾ കൂടി കേന്ദ്രം മടക്കിയതോടെയാണ് ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായിരിക്കുന്നത്. കേന്ദ്രം മടക്കിയ 19 പേരുകളിൽ 10 എണ്ണം കൊളീജിയം ആവർത്തിച്ച് നൽകിയ ശുപാർശകളായിരുന്നു.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി കൊളീജിയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയത്തിന്റെ ആവർത്തിച്ചുള്ള ശുപാർശകൾ പോലും തള്ളിക്കൊണ്ടുള്ള നിയമമന്ത്രാലയത്തിന്റെ തീരുമാനം. കൊളീജിയത്തിനെതിരായ കിരൺ റിജിജുവിന്റെ പരാമർശത്തിൽ സുപ്രീംകോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നതാണ് രാജ്യത്തെ നിയമം. കേന്ദ്ര സർക്കാർ ഈ നിയമം പാലിക്കേണ്ടതുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
കൊളീജിയം ആവർത്തിച്ച് ശുപാർശ ചെയ്ത 10 പേരുകളും ആദ്യ ശുപാർശയായി നൽകിയ 9 പേരുകളുമാണ് നവംബർ 25 ന് കേന്ദ്രം മടക്കിയത്. രണ്ട് ശുപാർശകൾ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സന്തോഷ് ഗോവിന്ദ്, മിലിന്ദ് മനോഹർ സതായി എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ശുപാർശകൾ മാത്രമാണ് അംഗീകരിച്ചവ.