സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും സെലിബ്രിറ്റികളും പരസ്യമോ പ്രചാരണമോ നടത്തുന്നത് പ്രതിപലം കൈപ്പറ്റിയാണെങ്കില്‍ അക്കാര്യം കാഴ്ചക്കാരോട് വെളിപ്പെടുത്തണമെന്ന മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ബ്രാന്‍ഡ് പ്രമോഷന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. പരസ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും. ഇതിലെ വാദങ്ങള്‍ വിശ്വസിച്ച് സാധാരണക്കാര്‍ വഞ്ചിതരാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ വഴി എന്തെങ്കിലും ഉല്‍പന്നത്തെക്കുറിച്ചോ സേവനത്തെക്കോറിച്ചോ നല്‍കുന്ന പരസ്യത്തിലെ അവകാശവാദങ്ങള്‍ സാധൂകരിക്കാന്‍ പരസ്യം നല്‍കുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
2025-ഓടെ പ്രതിവര്‍ഷം 20 ശതമാനം വര്‍ധിച്ച് 2,800 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങള്‍.
മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്താനാകും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാന്‍ഡ് പ്രമോഷനുകളില്‍ നിന്ന് 3 വര്‍ഷം വരെ വിലക്കാനും മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥയുണ്ട്.
സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ എന്നിവര്‍ക്കു പുറമേ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടക്കമുള്ള വെര്‍ച്വല്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും മാര്‍ഗരേഖ ബാധകമാണ്. സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സര്‍ വിപണി 2025ല്‍ 2,800 കോടി രൂപയുടേതാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്‍ഫ്‌ലുവന്‍സര്‍മാരും സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ വഴി നടത്തുന്ന വെളിപ്പെടുത്തലുകള്‍ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കണം.
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പത്രസമ്മേളനത്തിലാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് അവതരിപ്പിച്ചത്. അന്യായമായ വ്യാപാര രീതികളില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂട് നല്‍കുന്ന CCPA യുടെ പരിധിയിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവരെ തെറ്റായ പ്രചരണം നടത്തുന്നതില്‍നിന്ന് തടയുമെന്നും രോഹിത് കുമാര്‍ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.