ഡീപ് ഫേക്ക് വീഡിയോകളും സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും സമൂഹത്തിന് ആപത്താണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവയ്‌ക്കെതിരെ കര്‍ശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
ഡീപ് ഫേക്ക് വീഡിയോകള്‍ ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചുവരുന്നു. കര്‍ശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കേണ്ടതായുണ്ട്. ഇത്തരം വീഡിയോകളുടെ പ്രചാരണം തടയാന്‍ സര്‍ക്കാര്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരും. നിയമത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ഡീപ് ഫേക്ക് വീഡിയോകള്‍ നേരത്തെ കണ്ടെത്താനും നീക്കം ചെയ്യാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ ഡീപ് ഫേക്കിനെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉള്ളടക്കം കൂടുതല്‍ ഉത്തരവാദിത്തമുള്ളവയാക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ചോദ്യോത്തര വേളയില്‍ അദ്ദേഹം മറുപടി നല്‍കി.