മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് ഐഡി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ ഇത് നിലവില്‍ വരുമെന്നാണ് സൂചന. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റല്‍ ഐഡിക്ക് സമാനമായിരിക്കും ഈ തിരിച്ചറിയല്‍ നമ്പറും. ഒരാള്‍ക്ക് പല ഫോണ്‍ നമ്പറുണ്ടാകുമെങ്കിലും യുണീക്ക് ഐഡി ഒന്നേയുണ്ടാകൂ.
സൈബര്‍ തട്ടിപ്പുകള്‍ തടയുകയാണ് പ്രധാന ലക്ഷ്യം. ഏതെങ്കിലുമൊരു ഫോണ്‍ നമ്പര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ തിരിച്ചറിയല്‍ ഐഡി ഉപയോഗിച്ച് ആളെ കണ്ടെത്താം. ഒരാളുടെ പേരില്‍ വിവിധ സിം കാര്‍ഡുകള്‍, വാങ്ങിയ സ്ഥലം, ഉപയോഗിക്കുന്ന സ്ഥല എന്നിവയടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാകും. കുടുംബാംഗത്തിന് ഉപയോഗിക്കാനാണ് സിം എങ്കില്‍ അക്കാര്യവും അറിയിക്കണം.
ഒന്‍പത് സിം വരെ ഒരാളുടെ പേരില്‍ എടുക്കാം. ഈ പരിധിയില്‍ കൂടുതലുള്ള സിം സറണ്ടര്‍ ചെയ്യണം. ഒരാള്‍ക്ക് അനുവദനീയമായതിലേറെ സിം ഉണ്ടെന്ന് കണ്ടെത്തിയാല്‍ എല്ലാ കണക്ഷനുകളും റീ-വെരിഫൈ ചെയ്യും. സിം എടുക്കാനായി ഉപയോക്താക്കള്‍ ടെലികോം കമ്പനികള്‍ക്ക് നല്കുന്ന ചിത്രങ്ങള്‍ എഐ സംവിധാനമായ അസ്ത്ര് ഉപയോഗിച്ച് പരിശോധിക്കും. രജിസ്ട്രേഷന് എടുക്കുന്ന സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് മാത്രമേ വില്പന നടത്താന്‍ കഴിയുവെന്ന ചട്ടം അടുത്ത മാസം പ്രാബല്യത്തില്‍ വരും.