പോപ്പുലർ ഫ്രണ്ടിൻ്റെ സാന്നിധ്യം സംസ്ഥാന പോലീസ് സേനയിലും തിരിച്ചറിഞ്ഞതോടെ നഷ്ടമായ വെടിക്കോപ്പുകളുടെ കാര്യത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര അന്വേഷണ എജൻസികൾ. കാണാതായ തോക്കുകളും വെടിയുണ്ടകളും ദേശവിരുദ്ധ ശക്തികളുടെ പക്കൽ എത്തിയിട്ടുണ്ടോ എന്നതാണ് കേന്ദ്ര ഏജൻസികളുടെ സംശയം. അതിനാൽ 2019 ൽ ലഭിച്ച സിഎജി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
പൊലീസിൻ്റെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളിൽ 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാനില്ല എന്നതായിരുന്നു 2019 ലെ സിഎജി റിപ്പോർട്ട്. ഈ വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും പോലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് വിവാദമായതിനെത്തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ അന്വേഷണത്തിൽ 3000 വെടിയുണ്ടകൾ മാത്രമാണ് നഷ്ടമായതെന്നാണ് ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ട്.
റിപ്പോർട്ടുകൾ തമ്മിലുള്ള പൊരുത്തക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതും ആണ് നഷ്ടമായ വെടിക്കൊപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കാരണം. അതോടൊപ്പം സംസ്ഥാന പോലീസ് സേനയിൽ പോപ്പുലർ ഫ്രണ്ട് അനുഭാവം സ്ഥിരീകരിക്കപ്പെട്ടതും കാര്യങ്ങളെ ഗൗരവമായി കാണുവാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നു.