Tuesday, November 26, 2024

വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കും: എതിര്‍പ്പില്ലെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണപ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഇതോടെ, വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് മറുപടി പറയാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. അതേസമയം,വിഴിഞ്ഞത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി നല്‍കി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ 5 പേരെ അറസ്റ്റ് ചെയ്തെന്നും, ബിഷപ്പും വൈദികരുമടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പോലീസ് അന്വേഷണം പ്രഹസനമാണെന്നായിരുന്നു അദാനി പോര്‍ട്‌സിന്റെ പ്രതികരണം. പല പ്രതികളും ഇപ്പോഴും സമരപ്പന്തലില്‍ ഉണ്ടെന്നും, അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനും നഷ്ടം സംഭവിച്ചെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടി. പോലീസ് സമരക്കാര്‍ക്കാണ് സംരക്ഷണം നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയെ എല്‍പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കരിനോട് കോടതി അവശ്യപ്പെട്ടത്.

Latest News