വയനാടിന് കേന്ദ്ര ധനസഹായം ഉടന്‍ ലഭ്യമാക്കണമെന്ന അഭ്യർഥനയുമായി സീറോമലബാർ സഭാ അത്മായ ഫോറത്തിന്റെ പത്രക്കുറിപ്പ്. പൂർണ്ണരൂപം തുടർന്നു ചേർക്കുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കേരളം മുഴുവൻ പിന്തുണ നൽകണം. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ കേരളം ഒന്നാകെ പിന്തുണയ്ക്കണം. തൃശ്ശൂർ എം. പി. ക്കും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി വയനാട് ദുരന്തത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയണം. അനാവശ്യവിവാദങ്ങൾ ഉയർത്തി വയനാടിനുള്ള സഹായം വൈകിപ്പിക്കരുത്. സ്വാഭാവിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ ഇടപെടണം. നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോകുകയും ചെയ്ത വയനാടിന് കേന്ദ്രസഹായം ഇനിയും വൈകുന്നത് നീതീകരിക്കാനാകില്ല.
തരംതാഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്. കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുന്ന രീതിയിലുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണം. ഇത് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധതർക്ക് അർഹതപ്പെട്ട സഹായം ലഭിക്കാൻ രാഷ്ട്രീയം മാറ്റിവച്ച് ഒന്നിച്ചുനിൽക്കാൻ കേന്ദ്രമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ തയ്യറാകണം.
വയനാട് ഉരുൾപൊട്ടലിൽ, രക്ഷാപ്രവർത്തനത്തിലും ദുരിതബാധിതരെ സഹായിക്കുന്നതിലും കേരളീയസമൂഹം മത-ജാതി-കക്ഷിരാഷ്ട്രീയഭിന്നതകൾ മാറ്റിവച്ച് ഒരു മെയ്യെന്നവണ്ണം പ്രവർത്തിച്ചിരുന്നു. അതുപോലെ കേന്ദ്രസഹായം വയനാടിന് പ്രാപ്യമാക്കാൻ രാഷ്ട്രീയപാർട്ടികൾ ഒരുമിക്കണം. ഉരുൾപൊട്ടലുണ്ടായ വയനാടിന് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഉടന്‍ ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സീറോമലബാർ സഭാ അത്മായ ഫോറം അഭ്യർഥിക്കുന്നു.