മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) എന്നിവയില്‍ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സുരക്ഷാ സേനയിലെ അഗ്‌നിവീര്‍ സംവരണം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതാണ് നടപ്പാക്കിത്തുടങ്ങിയത്. ഭാവിയില്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള എല്ലാ റിക്രൂട്ട്‌മെന്റുകള്‍ക്കും മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് 10% സംവരണം ഉണ്ടായിരിക്കും.
അവരെ സ്വാഗതം ചെയ്യുന്നതില്‍ ആര്‍പിഎഫ് വളരെ ആവേശത്തിലാണ്. മുന്‍ അഗ്നിവീരന്മാര്‍ സേനയ്ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാധ്യമങ്ങളോട് സംസാരിച്ച ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ മനോജ് യാദവ് പറഞ്ഞു. സിഐഎസ്എഫും ഇക്കാര്യത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ഡയറക്ടര്‍ ജനറല്‍ നീന സിംഗ് പറഞ്ഞു. ‘കോണ്‍സ്റ്റബിള്‍മാരുടെ 10% ഒഴിവുകള്‍ മുന്‍ അഗ്‌നിവീറുകള്‍ക്കായി സംവരണം ചെയ്യും. കൂടാതെ, അവര്‍ക്ക് ശാരീരിക ക്ഷമതാ പരിശോധനയില്‍ ഇളവ് നല്‍കും,’ നീന സിംഗ് പറഞ്ഞു.
ഏറ്റവും മികച്ച കാര്യമായിരിക്കും ഇതെന്നും തങ്ങള്‍ തയാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. 2022 ജൂണ്‍ 14-ന് ആരംഭിച്ച അഗ്നിപഥ് സ്‌കീം, 17.5 ക്കും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് അഗ്‌നിവീറുകളായി റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ്. അവരില്‍ 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് കൂടി ഇന്ത്യന്‍ സായുധ സേനയില്‍ നിലനിര്‍ത്താനുള്ള വ്യവസ്ഥയുണ്ട്.