15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചെലവ് എട്ടിരട്ടി വരെ വര്‍ദ്ധിക്കുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ യഥാക്രമം 15 വര്‍ഷത്തിനും 10 വര്‍ഷത്തിനും ശേഷം റദ്ദാക്കുന്ന ദേശീയ തലസ്ഥാന മേഖലയെ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിജ്ഞാപനം അനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് നിലവിലുള്ള 600 രൂപയ്ക്ക് പകരം 5,000 രൂപ ഈടാക്കും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ രജിസ്‌ട്രേഷന്‍ പുതുക്കലിന് ഇപ്പോള്‍ ഈടാക്കുന്ന 300 രൂപയ്ക്ക് പകരം 1,000 രൂപയാകും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ റീ രജിസ്‌ട്രേഷന്‍ നിരക്ക് നിലവിലെ 15,000 രൂപയില്‍ നിന്ന് 40,000 രൂപയായി ഉയരും.
പുതുക്കലിന് കാലതാമസം വരുത്തിയാല്‍ ഓരോ മാസവും 300 രൂപ വീതം പിഴയും ഈടാക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 500 രൂപ പിഴ ഈടാക്കും. ഇതുകൂടാതെ, 15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കണമെന്നും പുതിയ നിയമ പ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ പുതുക്കല്‍ മാത്രമല്ല, പഴയ ഗതാഗത, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകളുടെ നിരക്കും ഏപ്രില്‍ മുതല്‍ ഉയരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ടാക്‌സികള്‍ക്ക് 1,000 രൂപയ്ക്ക് പകരം 7,000 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 1,500 രൂപയ്ക്ക് പകരം 12,500 രൂപയുമാകും ഈടാക്കുക. കൂടാതെ, കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് എട്ട് വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.