കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയാണെന്നും ഇന്ത്യക്കാര്‍ക്ക് എതിരേ അക്രമം ഏറുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളും താമസക്കാരും ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും കാര്യമായ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. അനിഷ്ട സംഭവങ്ങളില്‍ ഒന്നും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതേ തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കണം എന്ന് ഇന്ത്യക്കാരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകും എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സിഖുകാര്‍ക്ക് ഒരു പ്രത്യേക മാതൃരാജ്യത്തെ കുറിച്ചുള്ള ‘ഖാലിസ്ഥാന്‍ അനുകൂല’ ഘടകങ്ങളുടെ ഹിത പരിശോധനയെ ചൊല്ലിയുള്ള വലിയ നയതന്ത്ര തര്‍ക്കത്തിന്റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വംശജരും പ്രവാസി ഇന്ത്യക്കാരുമായ 1.6 ദശലക്ഷം ആളുകള്‍ കാനഡയില്‍ താമസിക്കുന്നുണ്ട്. ഈ വര്‍ഷം രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ രണ്ട് ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. സെപ്തംബര്‍ 15ന് ഒരു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.
ഇന്ത്യന്‍ ഹൈക്കമ്മീഷന് സംഭവത്തെ ശക്തമായി അപലപിക്കുകയും വിഷയം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ കനേഡിയന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലും കാര്യമായ നടപടി സ്വീകരിക്കാന്‍ കാനഡ തയ്യാറായിരുന്നില്ല.