Sunday, November 24, 2024

കുട്ടികളുടെ ജനനം രേഖപ്പെടുത്തുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം

കുട്ടികളുടെ ജനനം രേഖപ്പെടുത്തുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ മാതൃകാ ചട്ടങ്ങളില്‍ അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. അതേസമയം നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും അനുമതിയും ആവശ്യമാണ്.

നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം പിതാവിന്റെ മതം, മാതാവിന്റെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയില്‍ വിപുലീകരിക്കുകയും ചെയ്യും. ദത്തെടുക്കുന്ന കുട്ടിയുടെ സര്‍ട്ടിഫിക്കറ്റിലും സമാന മാറ്റങ്ങള്‍ വരുത്തും.

കഴിഞ്ഞ ഓഗസ്റ്റ് 11-ന് പാര്‍ലമെന്റ് പാസാക്കിയ 2023-ലെ ഭേദഗതി ചെയ്ത ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച്, ജനന-മരണ കണക്കുകള്‍ ദേശീയ തലത്തില്‍ കണക്കാക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ഇലക്ടറല്‍ റോള്‍, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ജനനവും മരണവും കേന്ദ്രത്തിന്റ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ (Centre’s Portal for the Civil Registration System) ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. ഈ സംവിധാനത്തിലൂടെ നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനമുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ഡോക്യുമെന്റായി ഉപയോഗിക്കാം.

ജനനം, മരണം, ദത്തെടുക്കല്‍, ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന്റെ സമയത്തോ ഉള്ള കുട്ടിയുടെ മരണം, മരണകാരണത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള ഫോമുകള്‍ക്ക് പകരം കരട് നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (Registrar General of India) നിര്‍ദേശിച്ചു. മരണകാരണത്തിനുള്ള സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ മരണ കാരണത്തിന്റെ കൂടെ രോഗം വന്നാണ് മരിച്ചതെങ്കില്‍ രോഗത്തിന്റെ ചരിത്രവും ഉള്‍പ്പെടുത്തണം.

 

Latest News