Tuesday, April 8, 2025

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; എട്ട് യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് വിലക്ക്

ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുള്ള ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏഴ് ഇന്ത്യന്‍ ചാനലുകളും ഒരു പാകിസ്താന്‍ ചാനലുമാണ് നിരോധിച്ചത്. അതേസമയം, ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുള്ള ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.

ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), യു&വി ടിവി ( 10.20 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), എഎം റാസ് വി (95,900 സബ്സ്‌ക്രൈബര്‍മാര്‍), ഗൗരവ്ഷാലി പവന്‍ മിതിലാഞ്ചല്‍( 7 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍), സര്‍ക്കാരി അപ്ഡേറ്റ് (80,900 സബ്സ്‌ക്രൈബര്‍മാര്‍) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്സ്‌ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്നുള്ള നിരോധിക്കപ്പെട്ട ചാനലുകള്‍. ന്യൂസ് കി ദുനിയ (97,000 സബ്സ്‌ക്രൈബര്‍) എന്ന ചാനലാണ് പാകിസ്താനില്‍ നിന്നുള്ളത്.

ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മതപരമായ നിര്‍മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകര്‍ക്കാനും സാധ്യതയുള്ളവയാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജവും ഉദ്വേഗജനകവുമായ തമ്പ് നെയ്ലുകളാണ് ഈ ചാനലുകളിലെ വീഡിയോകള്‍ക്കുള്ളത്. വാര്‍ത്താ അവതാരകരുടേയും മറ്റ് വാര്‍ത്താ ചാനലുകളുടെ ലോഗോയും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ ശരിയാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമം നടന്നതായും പ്രസ്താവനയില്‍ പറയുന്നു.

 

Latest News