പാര്‍ലമെന്റില്‍ ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് കൂടിയാണിത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും വാഗ്ദാനങ്ങളുമായിരിക്കും ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുക.
ജനങ്ങളെ ഒപ്പം നിര്‍ത്തുക മാത്രമല്ല വോട്ടുകള്‍ നേടുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രഖ്യാപനങ്ങള്‍ ആയിരിക്കും ബജറ്റില്‍. അതേസമയം കടമെടുപ്പ് പരിധി ഉയര്‍ത്തലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടലും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളും പല സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും ഇത്തവണത്തെ കേന്ദ്ര ബജറ്റ് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുന്നുവെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ധനമന്ത്രി ഇന്ന് ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
വിദ്യാഭ്യാസ മേഖലയേയും ബജറ്റ് എങ്ങനെ പരിഗണിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റലൈസേഷനും അന്താരാഷ്ട്രവല്‍ക്കരണത്തിലും ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ.
അതേസമയം സ്വകാര്യവത്കരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ കൂടുതല്‍ ശ്രമം ഇത്തവണത്തെ ബജറ്റിലും ഉണ്ടായേക്കും എന്ന ആശങ്കയും പൊതുസമൂഹത്തിലുയരുന്നുണ്ട്.
ഇടത്തരക്കാര്‍ക്കുള്ള ആദായ നികുതി ഇളവിന്റെ പരിധി നാലോ അഞ്ചോ ലക്ഷം രൂപയായി ഉയര്‍ത്താനും സാധ്യതയുണ്ട്. ഒമ്പത് സംസ്ഥാനങ്ങളില്‍ 2023ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും 2024ലെ പൊതുതെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുക രാഷ്ട്രീയ ബജറ്റായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.