കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, അക്രമങ്ങള്‍, മരണം ഉള്‍പ്പടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചാനലുകള്‍ മിതത്വം പാലിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം. നിലവില്‍ രാജ്യത്തെ വാര്‍ത്താ ചാനലുകള്‍ വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെ മന്ത്രാലയം നിശിതമായി വിമര്‍ശിച്ചു.
അടുത്തകാലത്തായി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഋഭ് പന്തിന്റെ അപകട വാര്‍ത്ത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രാലയത്തിന്റെ വിമര്‍ശനം. അത്തരം റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകവും അപ്രിയകരവുമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു. ചാനലുകള്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക്‌സ് റെഗുലേഷന്‍ നിയമം അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ചാനലുകളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്താതെ മൃതദേഹങ്ങള്‍, ചോരപ്പാടുകളോടുകൂടി പരിക്കുപറ്റിയ വ്യക്തികളുടെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നതും സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രായമായവരും കുട്ടികളും ക്രൂരമായി മര്‍ദിക്കപ്പെടുന്ന രംഗങ്ങള്‍ കാണിക്കുന്നതും അവരുടെ നിലവിളിയും കരച്ചിലും പ്രക്ഷേപണം ചെയ്യുന്നതുമെല്ലാം മന്ത്രാലയം എടുത്തു പറഞ്ഞു.
ഈ രംഗങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കാതെ രംഗം മുഴുവനായും ആവര്‍ത്തിച്ച് വൃത്തത്തിനുള്ളില്‍ അടയാളപ്പെടുത്തി കാണിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളുമെടുത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താതെയും എഡിറ്റ് ചെയ്യാതെയും ഉപയോഗിക്കുകയാണെന്നും മന്ത്രാലയം വിമര്‍ശിച്ചു.