Tuesday, November 26, 2024

കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; പ്രാബല്യത്തില്‍ വരുന്നത് ഈ ദിവസം മുതല്‍

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഒക്ടോബറോട് കൂടി നിയമം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം 1 എന്ന കാറ്റഗറിയില്‍ പെടുന്ന വാഹനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ച ഈ നിയമം ഈ ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ നിര്‍ദേശമാണ് 2023 ഒക്ടോബറിലേക്ക് നീട്ടിയിരിക്കുന്നത്.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളില്‍ കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണം എന്നാണ് പുതിയ നിര്‍ദേശം. കാറിന്റെ മോഡലും വിലയും പരഗണിക്കാതെ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണം. 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഈ വര്‍ഷം തന്നെ നിയമം നടപ്പിലാക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ 10 ലക്ഷം അധിക എയര്‍ബാഗുകള്‍ ആവശ്യമായി വരും. ഇത് നിര്‍മിക്കുന്നതിനുള്ള ശേഷി നിലവില്‍ ഇല്ലെന്ന് അധികൃതര്‍ പരിഗണിച്ചതോടെയാണ് ആറ് എയര്‍ബാഗ് എന്ന ആലോചനയ്ക്ക് ഒരു വര്‍ഷം കൂടി സമയം അനുവദിച്ചിരിക്കുന്നത്.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ വാഹനാപകട മരണത്തെ തുടര്‍ന്നാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എയര്‍ബാഗും സീറ്റ് ബെല്‍റ്റും ചര്‍ച്ചയിലേക്ക് വന്നത്. 2019 ഏപ്രില്‍ മുതലാണ് ഡ്രൈവര്‍ എയര്‍ബാഗ് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയത്. പിന്നീട് 2022-ഓടെ മുന്‍നിരയിലെ രണ്ട് പേര്‍ക്കും എയര്‍ബാഗ് നിര്‍ബന്ധമാക്കണം എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നത് കാറുകളുടെ വിലയില്‍ വലിയ വര്‍ധനവ് ആണ് ഉണ്ടാക്കുക എന്നും നിരീക്ഷിക്കുന്നുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗുകള്‍ പോലുള്ളവ നല്‍കിയാല്‍ കാറുകളുടെ ബോഡി ഷെല്ലുകളിലും ഇന്റീരിയറിലും കാര്യമായ മാറ്റം വരുത്തേണ്ടി വരും.

Latest News