Monday, November 25, 2024

വിമാനത്താവളങ്ങളിൽ വീണ്ടും ജാഗ്രത 

ചൈനയിലും മറ്റു രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരിൽ രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. വിമാനത്താവളത്തിൽ തെർമൽ സ്‌ക്രീനിങ്ങും പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനുള്ള ജെനോമിക് ടെസ്റ്റിനും വിധേയമാക്കും. പുതിയ നിർദ്ദേശങ്ങൾ ഡിസംബർ 24 മുതൽ നിലവിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.

എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിരിക്കണമെന്നും വിമാന യാത്രയ്ക്കിടെ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ഐസൊലേറ്റ് ചെയ്യും എന്നും മന്ത്രാലയം അറിയിച്ചു. യാത്രക്കാർ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തെർമൽ സ്ക്രീനിങ് ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ അവരുടെ ആരോഗ്യ നില സ്വയം വിലയിരുത്തണം. എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ദേശീയ/ സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ റാൻഡം കോവിഡ് പരിശോധനയ്ക്കുള്ള മാർഗ്ഗനിർദേശങ്ങൾ വ്യോമയാന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരെ ദിവസവും പരിശോധിക്കും. യാത്രാ നിയന്ത്രണം ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് റാൻഡം പരിശോധന കർശനമാക്കുന്നത്.

Latest News