ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രസര്‍ക്കാര്‍. രോഗ ബാധയെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തെഴുതിയതിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്. രോഗനിര്‍ണയം നടത്താതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും മറ്റ് അണുബാധയുമായി കോവിഡ് സംയോജിക്കാനുള്ള സാധ്യതയുണ്ടെന്നും പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ചെറിയ രീതിയില്‍ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് കോര്‍ട്ടികോ സ്റ്റിറോയിഡുകള്‍ ശുപാര്‍ശ ചെയ്യുന്നത് ഒഴിവാക്കണമെന്നും പറയുന്നു.
ഹൈഡ്രോക്സിക്ലോറോക്വിന്‍, ഐവര്‍മെക്റ്റിന്‍, മോള്‍നുപിരാവിര്‍, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ ഇത്തവണ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. രോഗലക്ഷണം പ്രകടമാകുന്നവര്‍ക്ക് 5 ദിവസം വരെ റെംഡെസിവിര്‍ നല്‍കാനും ശുപാര്‍ശ ചെയ്യുന്നു. രോഗപ്രതിരോധത്തിനായി കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക, ശരീരത്തിലെ താപനിലയും ഓക്സിജന്‍ സാച്ചുറേഷനും നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. കഠിനമായ പനി, ശ്വാസംമുട്ട്, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ 5 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഡോക്ടറുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകള്‍ 1000 കടന്നു. 1071 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. ഒരു മാസത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കര്‍ണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.