സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികള്‍ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ് ഹാര്‍ബര്‍’ വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റല്‍ ഇന്ത്യ ബില്ലില്‍ ‘സേഫ് ഹാര്‍ബര്‍’ വ്യവസ്ഥ ഒഴിവാക്കാനാണ് ആലോചന.
വ്യക്തികള്‍ ഇടുന്ന പോസ്റ്റുകള്‍ക്കും മറ്റും ബന്ധപ്പെട്ട സമൂഹമാധ്യമത്തിന് ഉത്തരവാദിത്വം ഇല്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഐടി നിയമത്തിലെ ‘സേഫ് ഹാര്‍ബര്‍’ ചട്ടം. ഡിജിറ്റല്‍ നിയമങ്ങളാകെ പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ഈ ചട്ടവും പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു.
2021ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഐടി ചട്ടങ്ങള്‍ പ്രകാരം അധികൃതര്‍ ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കി. ഏതെങ്കിലും നിയമപ്രകാരം പോസ്റ്റുകള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെങ്കിലും നീക്കം ചെയ്യണം. സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ രണ്ടായിരത്തിലെയും മറ്റും സ്ഥിതിവിശേഷമല്ല നിലവിലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കരടു ഡിജിറ്റല്‍ ഇന്ത്യ ബില്ലിന്റെ കാര്യത്തില്‍ രണ്ടു വട്ടം ചര്‍ച്ചകൂടി ശേഷിക്കുന്നുണ്ട്. അതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും- മന്ത്രി പറഞ്ഞു. കരടു ബില്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും മറ്റുമായി ഏപ്രിലില്‍ പുറത്തുവിടുമെന്നാണ് ഐടി മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.