Friday, April 18, 2025

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; സീറ്റുകള്‍ ഒഴിച്ചിടുന്നതും ഒഴിവാക്കി

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന നീക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. 4,100 മരണം കൂടി കോവിഡ് കണക്കിലേക്ക് ചേര്‍ത്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,20,855 ആയി.

ഇപ്പോള്‍ 16741 പേര്‍ രാജ്യത്ത് കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടെന്നാണ് കണക്ക്. 0.25 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര കണക്ക് ഇപ്പോള്‍ 0.29 ശതമാനമാണ്. 1,82,87,68,476 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

Latest News