രാജ്യത്തെ ഇ -കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. വ്യാജ റിവ്യൂകൾക്ക് പിടിവീഴുന്ന വിധം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് തയ്യാറാക്കിയ പുതിയ മാനദണ്ഡം നവംബർ 21ന് കേന്ദ്രം പുറത്തുവിട്ടു. പുതിയ മാനദണ്ഡമനുസരിച്ച് നവംബർ 25 മുതൽ റിവ്യൂകൾക്ക് കർശന മേൽനോട്ടമുണ്ടാകും.
ഉത്പന്നങ്ങളേയും സേവനങ്ങളെയും സംബന്ധിച്ച് പണം നൽകി പരസ്യമായി ചേർക്കുന്ന റിവ്യൂകൾ ഇത്തരം വെബ്സൈറ്റുകൾ സ്വമേധയാ പരസ്യപ്പെടുത്തണം. കൃത്രിമ റിവ്യൂകളും യഥാർഥ റിവ്യൂകളും വേർതിരിക്കുന്നതിനാകും ഇടപെടൽ. ഇതിന് പുറമെ കൃത്രിമ റിവ്യൂ തയ്യാറാക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കാനും പുതിയ മാർഗനിർദേശത്തിൽ നടപടികളുണ്ടാകും.
വ്യാജ റിവ്യൂ പോസ്റ്റ് ചെയ്യുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് വരെ നടപടിയുടെ ഭാഗമായി ആലോചനയിൽ ഉണ്ട്. ബിഐഎസ് തയ്യാറാക്കിയ മാനദണ്ഡം പാലിക്കാതിരിക്കുന്നത് തെറ്റായ വ്യാപാര സമ്പ്രദായത്തിന് കാരണമാകുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറയുന്നു. അത്തരം സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. വാണിജ്യ മേഖലയെ തകർക്കാനായിരിക്കില്ല കേന്ദ്ര ഇടപെടലെന്നും അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾക്ക് തന്നെ അവസരം നൽകും. ഇതിന് ശേഷവും കൃത്രിമ ഇടപെടലുകൾ തുടർന്നാൽ കടുത്ത നടപടികളാകും വെബ്സൈറ്റുകൾ നേരിടേണ്ടി വരിക.