ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി സി. ഇ. ഒ. കിം ഈ ബേ. അപകടത്തെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബേ പറഞ്ഞു.
കൊറിയയിൽ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. 179 പേർ മരിച്ചതായുള്ള അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. അപകടത്തെ തുടർന്ന് മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയർലൈൻസ് രംഗത്തെത്തിയയതിനു പിന്നാലെയാണ് സി. ഇ. ഒ. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രസ്താവനയിറക്കിയത്.
അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും അപകടത്തിന്റെ ഉത്തരവാദത്വം പൂർണ്ണമായും താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ 15 വർഷമായി സർവീസ് നടത്തുന്ന വിമാനമായിരുന്നു അപകടത്തിൽപെട്ടത്. മുൻപൊന്നും ഇപ്രകാരമൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് കമ്പനി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങളും വെളിപ്പെടുത്തുന്നു. ദാരുണമായ സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാൻ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയർവേസ് വ്യക്തമാക്കിയിരുന്നു.