ഭര്‍ത്താവിന്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പോലീസുകാര്‍ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി. പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനം നേരിടേണ്ടി വന്ന സംഭവത്തില്‍ വനിതാ കമ്മീഷന് ഇന്നലെ തന്നെ പരാതി രജിസ്റ്റര്‍ ചെയ്തു എന്നും പി സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
പോലീസ് ഉദ്യോഗസ്ഥന്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ഇന്നലെ തന്നെ എസ്എച്ച്ഒയെ വിളിച്ചു. ആരോപണം ശരിയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തില്‍ നിന്ന് മനസ്സിലായി. പോലീസിന് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണം. പോലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.
വളരെ ഗുരുതരമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്ന് പരാതിയില്‍ നിന്ന് മനസ്സിലായി. മദ്യ ലഹരിയിലാണ് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. വിവാഹത്തിന് കെട്ടുകണക്കിന് ആഭരണങ്ങള്‍ വേണം എന്ന ചിന്താഗതി അപമാനകരമാണ്. പെണ്‍കുട്ടികളെ കേവലം ശരീരം മാത്രമായി കാണരുത്. നിയമങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട് എന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.