Monday, November 25, 2024

ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലി ചുമതലയേറ്റു

ചീഫ് ജസ്റ്റിസ് യു. യു ലളിതിന്‍റെ പിന്‍ഗാമിയായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായാണ് ചന്ദ്രചൂഡ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദ്ദേശിക്കുകയാണ് പതിവ്. ഇതിനെത്തുടര്‍ന്ന് നവംബര്‍ എട്ടിന് വിരമിച്ച ചീഫ് ജസ്റ്റീസ് യൂ. യൂ ലളിത്, തന്‍റെ പിന്‍ഗാമിയായി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ 16-ാം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ. വി ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം. ഇതാദ്യമായാണ് പിതാവ് ഇരുന്ന ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മകന്‍ എത്തുന്നത്.

അയോധ്യ വിധി ഉള്‍പ്പടെ ഭരണഘടന പ്രാധാന്യമുള്ള കേസുകള്‍ക്ക് സുപ്രധാന വിധി പുറപ്പെടുവിച്ച വ്യക്തിയാണ് ചന്ദ്രചൂഡ്. ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി പ്രസ്താവിച്ച് ജഡ്ജിമാരില്‍ ഒരാളുമാണ് ഇദ്ദേഹം. സുപ്രീം കോടതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും അദ്ദേഹം നിലകൊണ്ടിരുന്നു.

1976 ലെ എഡിഎം ജബല്‍പൂര്‍ കേസില്‍ വി വൈ ചന്ദ്രചൂഡിന്റെ തീരുമാനം റദ്ദാക്കിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 2024 നവംബര്‍ 11 വരെ രണ്ട് വര്‍ഷമാണ് ജസ്റ്റിസ് പദവിയിലെ ചന്ദ്രചൂഡിന്‍റെ കാലാവധി. സത്യപ്രതിജ്ഞ ചടങ്ങില്‍ വിരമിച്ച ചീഫ് ജസ്റ്റിസ് യു. യു ലളിത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിംങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News