Monday, April 21, 2025

ചാന്ദ്രയാന്‍ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല: ചൈനീസ് ശാസ്ത്രജ്ഞന്‍

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന ആരോപണവുമായി ചൈന. പ്രമുഖ ചൈനീസ് ശാസ്ത്രജ്ഞനും ചൈനയുടെ ആദ്യ ചാന്ദ്രദൗത്യത്തിന്റെ ഭാഗവുമായിരുന്ന ഒയാങ് സിയുവനാണ് ആരോപണവുമായി രംഗത്തെത്തിയത്. വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും സ്ലീപ് മോഡിൽനിന്നും ഉണർത്താൻ ഇന്ത്യൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നതിനിടെയാണ് ഒയാങ് സിയുവാന്റെ പ്രസ്താവന.

“ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ, അന്റാർട്ടിക്ക് ധ്രുവപ്രദേശത്തിനടുത്തുപോലുമോ ഇന്ത്യയുടെ ബഹിരാകാശപേടകമായ ചന്ദ്രയാന്‍-3 ഇറങ്ങിയിട്ടില്ല” – ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ അംഗമായ ഒയാങ്സിയുവാൻ പറഞ്ഞു. ചൈനയിലെ സയൻസ് ടൈംസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒയാങ് സിയു ഇന്ത്യയുടെ ചരിത്രനേട്ടത്തെ ചോദ്യംചെയ്യുന്ന പ്രസ്താവന നടത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശമായി കണക്കാക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ട്. ഇതിൽനിന്നാണ് ഒയാങ്ങിന്റെ വാദം ഉടലെടുത്തതെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ.

അതേസമയം, ഒയാങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ ബഹിരാകാശ ഗവേഷണവിഭാ​ഗത്തിലെ ഒരു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്യിപ്പിച്ചതിനെ ഇതുവരെ ആരും ചോദ്യം ചെയ്യുകയോ, അതേക്കുറിച്ച് തർക്കിക്കുകയോ ചെയ്തിട്ടില്ല. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Latest News