ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതായി ഇസ്രോ. ഇന്ത്യൻ സമയം 7 മണിക്കാണ് പേടകത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) നടപടി പൂര്‍ത്തിയായത്. ഇതോടെ ചന്ദ്രയാൻ -3 ദൗത്യത്തില്‍ സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വലിയ പ്രതിക്ഷയാണ് നല്‍കുന്നത്.
ബെംഗളൂരുവിലെ ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ആണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കയറുന്ന ഘട്ടം നടപ്പിലാക്കിയത്. ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിൽ നിന്ന് വേർപെടും, പിന്നീട് അത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്ര തുടരും. ഓഗസ്‌റ്റ് 23നാണ് ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിംഗ് ഇസ്രോ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.