ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ലാൻഡർ ചന്ദ്രനിലിറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടും. ഇസ്രോ ടീമിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം വിജയിച്ചതില്‍ ഇസ്രോ ടീമിനെ അഭിനന്ദിക്കാന്‍ ബംഗളൂരുവിലെ ഇസ്ട്രാക്കിൽ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു.
ചന്ദ്രയാൻ-3ന്റെ ലാൻഡർ ചന്ദ്രനിലിറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്‌സിൽ വച്ച് പ്രഖ്യാപിച്ചു. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ ദിവസമായ ഓഗസ്‌റ്റ് 23 ഇനി ‘ദേശീയ ബഹിരാകാശ ദിനം’ ആയി അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ഇന്നു രാവിലെയാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. ചന്ദ്രയാൻ-3 ലാൻഡിംഗ് വലിയ സന്തോഷത്തിന്റെ നിമിഷമായിരുന്നുവെന്നും രാജ്യത്തേക്ക് മടങ്ങിയ ഉടൻ തന്നെ ശാസ്ത്രജ്ഞരെ കാണാനും നന്ദി പറയാനും അഭിവാദ്യം ചെയ്യാനും ആഗ്രച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്‌റോയിലെ ശാസ്ത്രജ്ഞർ കുറിച്ചത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.