Wednesday, November 27, 2024

ചന്ദ്രയാന്‍-3ന്‍റെ വിക്ഷേപണം അടുത്ത മാസം; വെളിപ്പെടുത്തലുമായി ഇസ്രോ മേധാവി

ചന്ദ്രയാന്‍-3ന്‍റെ വിക്ഷേപണം അടുത്തമാസം ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻറെ വെളിപ്പെടുത്തല്‍. ബഹിരാകാശ ദൗത്യത്തിന്‍റെ വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് അറിയിച്ചു. ‘ഇന്ത്യയുടെ ബഹിരാകാശ അന്വേഷണം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

“ചന്ദ്രയാൻ-3ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിക്ഷേപണം ജൂലൈയില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദൗത്യത്തിന്‍റെ വിക്ഷേപണ തീയതി പ്രഖ്യാപിക്കും” ഇസ്രോ മേധാവി പറഞ്ഞു. ചന്ദ്രയാൻ-2ന്‍റെ അതേ ശാസ്ത്രീയ വാസ്‌തുവിദ്യയും ദൗത്യ ലക്ഷ്യവുമാണ് വിക്ഷേപണത്തിനായി ഒരുങ്ങുന്ന ചന്ദ്രയാന്‍ 3നും ഉള്ളത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെടാനുള്ള കാരണങ്ങളെക്കുറിച്ചും പങ്കുവച്ചു.

“ചന്ദ്രയാന്‍ 2 ദൗത്യം ഞങ്ങൾക്ക് പരാജയമായിരുന്നു, പക്ഷേ നിലവില്‍ ഓർബിറ്റർ അവിടെ പ്രവർത്തിക്കുകയും അത് ഞങ്ങള്‍ക്ക് ഡാറ്റ നൽകുകയും ചെയ്യുന്നുണ്ട്. എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാനും പ്രശ്‌നം എന്താണെന്ന് പഠിക്കാനും കഠിനമായി പരിശ്രമിച്ചിരുന്നു. സോഫ്റ്റ് വെയറിലുണ്ടായ പിശകായിരുന്നു ദൗത്യം പരാജയപ്പെടാനുള്ള കാരണം” ഇസ്രോ മേധാവി വെളിപ്പടുത്തി. അതിനിടെ, സോളാർ കൊറോണലിനെ കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ എൽ-1 ദൗത്യം ഓഗസ്‌റ്റിൽ വിക്ഷേപിക്കുമെന്ന് എസ് സോമനാഥ് അറിയിച്ചു.

Latest News