Monday, November 25, 2024

ചന്ദ്രയാന്‍-3 വിക്ഷേപണം ഇന്ന്; ഉറ്റുനോക്കി ലോകം

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ – 3 ഇന്ന് ഉച്ചയ്ക്ക് വിക്ഷേപിക്കും. ഇന്ന് ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ കുതിച്ചുയരുക. വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു.

ചന്ദ്രയാൻ മൂന്നുമായി ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം – 3 ആണ് ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കുക. ഇതിനു മുന്നോടിയായുള്ള 24 മണിക്കൂർ ട്രയൽ റൺ കഴിഞ്ഞ ദിവസം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിക്ഷേപണം നടത്തി 16 മിനിറ്റും 15 സെക്കൻഡും കൊണ്ട് ചന്ദ്രയാനുമായി എൽവിഎം – 3 ഭ്രമണപഥത്തിലെത്തും. ആഗസ്റ്റ് 23-നാകും സോഫ്റ്റ് ലാൻഡിംഗ്.

ചന്ദ്രയാൻ – 3 ദൗത്യത്തോടെ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് സ്വതന്ത്രചുമതലയുള്ള കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കു വളരെ മുമ്പുതന്നെ ബഹിരാകാശയാത്ര ആരംഭിച്ച രാജ്യങ്ങൾ ഇന്ന് ഇന്ത്യയെ ഒരു തുല്യസഹയാത്രികനെപ്പോലെ ഉറ്റുനോക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 2019-ൽ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം പരാജയമായിരുന്നു. ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ വിക്രം ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ചന്ദ്രയാൻ രണ്ടിനുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ചുകൊണ്ടാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയാൽ ബഹിരാകാശ മേഖലയിൽ ഇന്ത്യ സ്വന്തമാക്കുന്ന നിർണ്ണായക നേട്ടമായിരിക്കും ഇത്.

Latest News