ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാക്ക് മുന്‍മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. നേരത്തെ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടതിനുപിന്നാലെ ഫവാദ് ചൗധരി ഐ.എസ്.ആര്‍.ഒയെ പരിഹസിച്ചിരുന്നു.
ഇമ്രാന്‍ ഖാന്റെ സര്‍ക്കാരില്‍ ശാസ്ത്രസാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍ ചൗധരി. 2019-ല്‍ ചന്ദ്രയാന്‍-2 ന് 900 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെതിരെ ഫവാദ് രംഗത്തുവന്നിരുന്നു. അജ്ഞാതമായ ഒരു പ്രദേശത്തിനായി ഇത്രയധികം ബജറ്റ് ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നായിരുന്നു
അദ്ദേഹത്തിന്റെ പ്രസ്താവന. ദൗത്യം പരാജയപ്പെട്ടതിനുപിന്നാലെ ‘പരാജയപ്പെട്ട ഇന്ത്യ’ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു. മുന്‍പ് പരിഹാസിച്ച പാക്ക് മന്ത്രി ഇത്തവണ അഭിനന്ദനങ്ങളുമായി എത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങിനെ മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് പാക്ക് മുന്‍മന്ത്രി വിശേഷിപ്പിച്ചത്. “മുഴുവന്‍ മനുഷ്യരാശിക്കും ഇതൊരു ചരിത്രനിമിഷമാണ്, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശസമൂഹത്തിനും. ഒരുപാട് അഭിനന്ദനങ്ങള്‍” – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജൂലൈ 14-ന് ചന്ദ്രയാന്‍-3 വിക്ഷേപിച്ചപ്പോഴും ഫവാദ് ഹുസൈന്‍ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചിരുന്നു. “ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രസമൂഹത്തിന് അഭിനന്ദനങ്ങളും ആശംസകളും” എന്നായിരുന്നു ട്വീറ്റ്.