Tuesday, November 26, 2024

ചന്ദ്രയാന്‍ -3 ദൗത്യം: ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററില്‍ പ്രസ്താവനയിലൂടെയാണ് പ്രധാനമന്ത്രി ഇസ്രോയെ അഭിനന്ദിച്ചത്. ശാസ്ത്രജ്ഞരുടെ നിരന്തരമായ അര്‍പ്പണബോധത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. LVM3 ബഹിരാകാശ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കാൻ ആവശ്യമുള്ള ഭ്രമണപഥത്തിലെത്തിയതോടെ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതിനു പിന്നാലെയാണ് ഫ്രാന്‍സ് സന്ദര്‍ശനത്തിലായിരിക്കുന്ന പ്രധാനമന്ത്രി ഇസ്രോയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

“ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ചന്ദ്രയാന്‍ -3 ഒരു പുതിയ അധ്യായമാണ് എഴുതുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയര്‍ത്തിക്കൊണ്ട് അത് ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ നിരന്തരമായ അര്‍പ്പണബോധത്തിന്റെ തെളിവാണ്. അതിനാല്‍ അവരെ അഭിവാദ്യം ചെയ്യുന്നു” – പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് (ജൂലൈ 14) ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്.

Latest News