ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫര്‍ ഉള്‍പ്പടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് ചന്ദ്രയാന്‍ 3. പ്രഗ്യാന്‍ റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോസ്കോപ്പാണ് മൂലകങ്ങളുടെ സാന്നിധ്യം വീണ്ടു സ്ഥിരീകരിച്ചത്. സമാനമായി നേരത്തെ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ് (ലിബ്സ്) മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്‍റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തിയ ലിബ്സിന്റെ കണ്ടെത്തൽ ശരിവയ്ക്കുകയാണ് റോവറിലെ രണ്ടാമത്തെ പേലോഡ്. ചന്ദ്രനില്‍ ജലസാന്നിധ്യമടക്കം സൂചിപ്പിക്കുന്നതാകാം സള്‍ഫര്‍ സാന്നിധ്യമെന്നാണ് ഇസ്രോയുടെ വിലയിരുത്തല്‍. അഗ്നിപര്‍വതങ്ങളുടെ പ്രവര്‍ത്തനഫലമായോ ഉല്‍ക്കകളില്‍ നിന്നോ അതോ തനതായോ ഉണ്ടായതാകാം സള്‍ഫര്‍ എന്നും ഇസ്രോ കരുതുന്നു. എന്നാല്‍ ഇതിന്‍റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പഠനം നടത്താനാണ് ഇസ്രോയുടെ നീക്കം.
സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചതിനു പുറമേ ലാന്‍ഡര്‍ സഞ്ചാരപാത തിരയുന്ന വീഡിയോ ഐ.എസ്.ആര്‍.ഒ പങ്കുവച്ചു. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ഈ ദൃശ്യങ്ങളും പകര്‍ത്തിയത്.