ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന്‍റെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുത്തി. ഇന്ന് ഉച്ചക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. 33 ദിവസത്തെ ദൗത്യത്തിനു ശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ഐ എസ് ആർ ഒ വേർപെടുത്തിയത്.
‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ എസ് ആർ ഒ പങ്കുവച്ചത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇനിയുള്ള യാത്രയിൽ തനിച്ച് സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഡീ ബൂസ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ നാളെ വൈകീട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡീ ബൂസ്റ്റ് പ്രക്രിയ കഴിയുന്നതോടെ ചന്ദ്രനിൽനിന്ന് കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂൺ) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂൺ) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് ഐ എസ് ആർ ഒ നേരത്തെ അറിയിച്ചിരുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോള്‍ വിക്രം ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തും. തുടർന്ന് അതിനുള്ളിലെ പ്രഗ്യാൻ റോവർ പുറത്തുവന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ഒപ്പം റോവറിന്റെ ചക്രങ്ങൾ രാജ്യത്തിന്റെ ദേശീയമുദ്രയായ അശോകസ്തംഭവും ഐ എസ് ആർ ഒയുടെ ലോഗോയും ചന്ദ്രന്റെ മണ്ണിൽ പതിപ്പിക്കും.