ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3-ന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ എട്ടരയ്ക്കുശേഷമായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തല്‍ നടന്നത്. ആഗസ്റ്റ് 17-ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
പേടകമിപ്പോള്‍ ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 153 കിലോമീറ്ററും കൂടിയ അകലം 163 കിലോമീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ്. അവസാനഘട്ടത്തിൽ 100 കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റുമെന്നായിരുന്നു ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് ഭ്രമണപഥം താഴ്തത്തിയതോടെ, ഭ്രമണപഥം താഴ്തത്തല്‍ പ്രക്രിയ പൂർത്തിയായെന്ന് ഐ.എസ്.ആർ.ഒ പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, നാളെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെടുന്നതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ആഗസ്റ്റ് 23-ന് വൈകിട്ട് 5.40-നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണ്ണായകമായ സോഫ്റ്റ് ലാൻഡിങ് ഏത് പ്രതികൂലസാഹചര്യത്തിലും നടത്താൻ കഴിയുന്നതരത്തിലാണ് ഇത്തവണ ഐ.എസ്.ആർ.ഒ ഒരുക്കിയിരിക്കുന്നത്.